ദോഹ: ജൂലൈ അവസാനവാരത്തിലേക്ക് കടന്നെങ്കിലും ചൂടിന് ഒട്ടും ശമനമായില്ല. കഴിഞ്ഞാഴ്ചയെ അപേക്ഷിച്ച് ചൂടിന് കടുപ്പം ഒത്തിരി കുറഞ്ഞെങ്കിലും ഹ്യുമിഡിറ്റിയും വെന്തുരുകുന്ന അന്തരീക്ഷവുംതന്നെയാണ് രാജ്യത്തെങ്ങും. പകൽ ഉച്ചസമയങ്ങളിൽ പൊതു ഇടങ്ങളിൽ ഇടപെടുമ്പോഴും മറ്റും ചൂടിൽ സുരക്ഷിതത്വം പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് നിർദേശിക്കുന്നു. കുട്ടികൾക്കും ഗർഭിണികളായ സ്ത്രീകൾക്കുമാണ് ചൂടിൽ കൂടുതൽ പ്രയാസമെന്നതിനാൽ ഇവരും ജാഗ്രത പാലിക്കണം.
അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ ഗർഭിണികൾ കൂടുതൽ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ആദ്യ 12 ആഴ്ചകളിൽ ഗർഭസ്ഥശിശു വികസിക്കുമ്പോൾ അവരെ ചൂട് പ്രതികൂലമായി ബാധിക്കുമെന്ന് പി.എച്ച്.സി.സി ഉമ്മുൽ സനീം ഹെൽത്ത് സെന്റർ ഫാമിലി മെഡിസിൻ കൺസൾട്ടന്റ് ഡോ. ഹുസൈൻ ഒംറാൻ പറഞ്ഞു.
ഗർഭകാലത്ത് മിക്ക സ്ത്രീകളുടെയും ശരീരതാപനിലയിൽ വർധനവുണ്ടാകുന്നുണ്ട്. ഉയർന്ന താപനിലയുള്ള കാലാവസ്ഥയിൽ ഇത് കൂടുതൽ പ്രയാസകരമാകും. കഠിനമായ ചൂടുള്ള ദിവസങ്ങളിൽ അമിതമായി ചൂടേൽക്കാതിരിക്കാൻ ഗർഭിണികൾ പ്രത്യേകം മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. വേനലിൽ അന്തരീക്ഷ താപനില കൂടുതൽ ഉയരുമ്പോൾ അവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും അത് ശരാശരി മുതിർന്നവരേക്കാൾ കൂടുതൽ അവരെ ബാധിക്കുകയും ചെയ്യുന്നു.
ഗർഭകാലത്ത് ചൂട് കൂടുതലാണെന്ന് പല സ്ത്രീകളും പറയുന്നു. ഗർഭധാരണം കാരണം ഗർഭിണികളുടെ ശരീര താപനില സാധാരണയേക്കാൾ കൂടുതലാണെന്ന് സൂചിപ്പിക്കുന്നതിന് കൂടുതൽ തെളിവുകളുണ്ട്.
നിർജലീകരണം, ക്ഷീണം, ബോധക്ഷയം, സൂര്യാഘാതം തുടങ്ങിയവക്ക് കാരണമാകുന്നതിനാൽ ഗർഭാവസ്ഥയിൽ ഗർഭിണികൾ ശരീരത്തിൽ തണുപ്പ് നിലനിർത്തേണ്ടത് പ്രാധാന്യത്തോടെ കാണണം.
തലക്കറക്കം, വിശപ്പില്ലായ്മ, ക്ഷീണം, കൂടുതൽ വിയർക്കൽ, വിളർച്ച, വേഗത്തിലുള്ള ശ്വാസോഛ്വാസം, ഉയർന്ന നാഡിമിടിപ്പ്, തീവ്രമായ ദാഹം എന്നിവ ഉയർന്ന താപനില കാരണം ഉണ്ടാവാൻ സാധ്യതയുണ്ട്.
ഒരു വ്യക്തി ചൂടിനെത്തുടർന്നുള്ള ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുവെങ്കിൽ അവരെ വേഗത്തിൽ തണുത്ത അന്തരീക്ഷത്തിലേക്കോ വീടിനകത്ത് തണുപ്പുള്ള സ്ഥലത്തേക്കോ മാറ്റുകയും ശരീരത്തിലെ ജലാംശം വർധിപ്പിക്കാൻ നല്ല അളവിൽ വെള്ളം നൽകുകയും കുടിപ്പിക്കുകയും ചെയ്യണം. തണുത്ത വെള്ളവും ഫാനുകളും ഉപയോഗിച്ച് സ്പ്രേ ചെയ്യുകയോ ഒപ്പുകയോ ചെയ്ത് അവരെ തണുപ്പിക്കണമെന്നും ഡോ. ഉംറാൻ പറഞ്ഞു. ചൂട് മൂലമുള്ള അസുഖങ്ങൾ തടയാൻ അമിതഭാരം ഒഴിവാക്കാൻ അദ്ദേഹം നിർദേശിച്ചു.
സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിക്കുന്നത് ഒഴിവാക്കിയാൽ മെലാസ്മ എന്ന അവസ്ഥ ഒഴിവാക്കാം. ഗർഭകാല മാസ്ക് എന്നറിയപ്പെടുന്ന മെലാസ്മ ചൂടുകാലത്ത് സംഭവിക്കുന്ന ചർമ രോഗാവസ്ഥയാണ്. മെലാസ്മ ബാധിക്കാതിരിക്കാൻ പുറത്തിറങ്ങേണ്ടിവരുമ്പോൾ വീതികൂടിയ തൊപ്പി ധരിച്ച് സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് ഒഴിവാക്കാം.ചൂടേറിയ ദിവസങ്ങളിൽ കഴിയുന്നതും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ശരീരത്തിൽ നിർജലീകരണം സംഭവിക്കാതിരിക്കാൻ ദാഹമില്ലെങ്കിൽപോലും പതിവായി വെള്ളം കുടിക്കണമെന്നും ജലാംശം കൂടുതലടങ്ങിയ പച്ചക്കറികളും പഴങ്ങളും കഴിക്കണമെന്നും ഉപ്പും കഫീനുമടങ്ങിയ ഭക്ഷ്യ-പാനീയങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.