ദോഹ: മണ്ണും വിണ്ണും ഒരുപോലെ ചുട്ടുപൊള്ളുന്ന ചൂടുകാലമാണിത്. 44 ഡിഗ്രിയായിരുന്നു ശനിയാഴ്ച ദോഹയിലെ ഉയർന്ന താപനില. സൂര്യനുദിച്ചുയരും മുമ്പേ ചൂട് തുടങ്ങുന്നു. അതിരാവിലെ 32 ഡിഗ്രിവരെ ഉയരുന്ന താപനിലയിൽ അന്തരീക്ഷം ചുട്ടുപൊള്ളുന്നു.
ഒപ്പം ഹ്യുമിഡിറ്റി കൂടിയാവുന്നതോടെ മനുഷ്യനെന്നപോലെ പറവകൾക്കും മറ്റു ജീവജാലങ്ങൾക്കും ദുസ്സഹം കൂടിയാണ് ഈ വേനൽക്കാലം. എന്നാൽ, കരുതലിന്റെ കരങ്ങൾ ഈ മരുഭൂ മണ്ണിൽ എങ്ങുമുണ്ട്. ദാഹിക്കുന്ന മനുഷ്യനും പറവകൾക്കും നട്ടുച്ചവെയിലിലും റോഡരികിലും കവലകളിലുമായി കുടിവെള്ളങ്ങളൊരുക്കുന്ന കാഴ്ച ഈ മണ്ണിന്റെ കരുതലാണ്.
പള്ളികളുടെയും വീടുകളുടെയും പുറം ചുമരുകളിലും, മെട്രോ സ്റ്റേഷനുകളിലും ഉൾപ്പെടെ മനുഷ്യസഞ്ചാരമുള്ള പല ദിക്കിലുമുണ്ട് കുടിവെള്ള പൈപ്പുകൾ. ഇവക്കൊപ്പം, പറന്നെത്തുന്ന പറവകൾക്കായി കവലകളിലും റൗണ്ട്എബൗട്ടിലും റോഡരികിലും ഫ്ലാറ്റ് സമുച്ചയങ്ങളുടെ ബാൽക്കണിയിലുമെല്ലാം ചൂടിനിടയിൽ ശമനമായി കുടിവെള്ളം നിറച്ച പാത്രങ്ങൾ കാണാം. ഈ മാതൃക നമ്മുടെ വീടുകളുടെയും തൊഴിലിടങ്ങളുടെയും പരിസരങ്ങളിലേക്കും പകർത്താം. കടുത്ത ചൂടിനിടയിൽ ദാഹമകറ്റുന്ന പറവയും മനുഷ്യരും ഒരേ ഫ്രെയിമിൽ ഒതുങ്ങുന്ന ഈ കാഴ്ച ഖത്തറിലെ ബിൻ ഉംറാനിൽനിന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.