ദോഹ: ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശങ്ങളിലെ അനധികൃത റിക്രൂട്ട്മെന്റും വിസ തട്ടിപ്പും തടയാനായി കേരള സർക്കാർ നോർക്ക റൂട്സുമായി സഹകരിച്ച് ആരംഭിക്കുന്ന ടാസ്ക് ഫോഴ്സ് പ്രവാസികൾക്ക് ആശ്വാസമാകും. തൊഴിൽ തേടുന്ന മലയാളികൾ വിസ തട്ടിപ്പിനും, റിക്രൂട്ട്മെന്റ് ഏജൻസികളുടെ കബളിപ്പിക്കലിനും ഇരകളാവുന്ന കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപാവത്കരിക്കാൻ തീരുമാനിച്ചത്.
തട്ടിപ്പുകള്‍ തടയാൻ ഫലപ്രദമായ നടപടി ഉറപ്പുവരുത്താനായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് ഉദ്യോഗസ്ഥര്‍, എൻ.ആർ.ഐ സെല്‍ പൊലീസ് സൂപ്രണ്ട് എന്നിവര്‍ അംഗങ്ങളായി ടാസ്ക്ഫോഴ്സ് രൂപവത്കരിച്ചുകൊണ്ട് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്.
റിക്രൂട്ട്മെന്റ് സംബന്ധിച്ച പരാതികളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നോര്‍ക്കയുടെ ഓപറേഷന് ശുഭയാത്രയുടെ ഭാഗമായാണ് ശക്തമായ ഈ നീക്കം.
റിക്രൂട്ട്മെന്റിന് അംഗീകാരമുള്ളവരും ഇല്ലാത്തവരും വിവിധ തൊഴിലുകളുടെ പേരില്‍ പണം വാങ്ങി ആളുകളെ വിദേശത്തേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിക്കുന്നതായി നോർക്ക റൂട്ട്സ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഇത്തരം പരാതികളുടെ അന്വേഷണ പുരോഗതി ടാസ്ക് ഫോഴ്സ് എല്ലാ മാസവും യോഗം ചേര്‍ന്നു വിലയിരുത്താനാണ് തീരുമാനം.
അനധികൃത റിക്രൂട്ട്മെന്റ് തടയണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നേരത്തേ ഹൈകോടതിയെ സമീപിച്ചിരുന്നു. ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി ആർ. മുരളീധരൻ എന്നിവർ നൽകിയ ഹരജിയിൽ ഇത്തരം തട്ടിപ്പുകൾ തടയാനുള്ള നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി സംസ്ഥാന സർക്കാറിന് നിർദേശവും നൽകി.
പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ശിപാര്‍ശകള്‍ പ്രകാരം റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ തടയുന്നതിന് ഫലപ്രദവും കര്‍ശനവുമായ നടപടികള്‍ക്കായി അടിയന്തര നടപടി സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യര്‍ഥിക്കുമെന്ന് കെ. വാസുകി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
വിസ, റിക്രൂട്ട്മെന്റ് തട്ടിപ്പുകൾ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യുന്നതിന് എൻ.ആർ.ഐ സെല്ലിനെ ശക്തിപ്പെടുത്തുന്നതിനും ഈ സെല്ലിന് മാത്രമായി ഒരു സൈബര്‍ സെല്‍ രൂപവത്കരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും എൻ.ആർ.ഐ സെൽ പൊലീസ് സൂപ്രണ്ടിനും നിര്‍ദേശം നല്കിയതും പ്രവാസികൾക്ക് ഇത്തരം തട്ടിപ്പുകൾക്കെതിരെ നീങ്ങാൻ പ്രചോദനമാകും.
ഓരോ വർഷവും നൂറുകണക്കിന് വിസ തട്ടിപ്പു കേസുകളാണ് ഗൾഫ് രാജ്യങ്ങളിൽ മാത്രമായി റിപ്പോർട്ട് ചെയ്യുന്നത്. വൻതുക വിസക്കും റിക്രൂട്ട്മെന്റ് ഫീസായും ഈടാക്കി ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റിവിടുകയും, എന്നാൽ ഇവിടങ്ങളിലെത്തിയാൽ വാഗ്ദാനം ചെയ്യപ്പെട്ട തൊഴിലില്ലാതെ തട്ടിപ്പിനിരകളായി മാറുകയും ചെയ്യുന്ന സംഭവം വ്യാപകമാണ്. വിവിധ കേസുകളിൽ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ഇവരെ നാട്ടിൽ തിരികെയെത്താൻ സഹായിക്കുന്നത്.
‘നവലോകത്തെ മാറി വരുന്ന കുടിയേറ്റ സാഹചര്യത്തിൽ ഏറെ അവസരങ്ങളാണ് പുതു തലമുറക്ക് വന്നു ചേരുന്നത്. എന്നാൽ ഈ അവസരം ദുരുപയോഗം ചെയ്തുകൊണ്ട് ഉദ്യോഗാർഥികളെയും വിദ്യാർഥികളെയും ധനപരമായും ജീവന് ഭീഷണിയാവുന്ന വിധവും ചൂഷണം ചെയ്യുന്നതും ഏറി വരികയാണ്. ഈ അവസരത്തിൽ പ്രവാസി ലീഗൽ സെൽ കേരള ഹൈകോടതി മുഖാന്തരവും സർക്കാർ തലത്തിലും നടത്തിയ ഇടപെടലുകൾക്ക് പ്രയോജനം ഉണ്ടായിരിക്കുകയാണ്. ടാസ്ക് ഫോഴ്സ് രൂപവത്കരണത്തോടെ സുരക്ഷിതവും ചൂഷണ രഹിതവുമായ റിക്രൂട്ടുമെന്റുകൾക്ക് വലിയ സഹായകരമാവും. ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയാവുന്ന പ്രവാസികൾക്ക് നിയമ നടപടി സ്വീകരിക്കാൻ വഴിയൊരുക്കുന്നതാണ് ടാസ്ക് ഫോഴ്സ്’.
അബ്ദുൽ റഊഫ് കൊണ്ടോട്ടി (പ്രസിഡന്റ്, പ്രവാസി ലീഗൽ സെൽ-ഖത്തർ ചാപ്റ്റർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.