ദോഹ: രാജ്യത്ത് കോവിഡ്-19 റിപ്പോർട്ട് ചെയ്തതിനുശേഷം നടന്ന പ്രഥമ അവയവമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) അറിയിച്ചു. അവയവം ദാനം ചെയ്തയാളുടെ കുടുംബത്തെയും സ്വീകർത്താവിനെയും ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി സന്ദർശിച്ചു.
26 വയസ്സുകാരനിൽനിന്നുള്ള അവയവങ്ങൾ മൂന്നുപേരാണ് സ്വീകരിച്ചിരിക്കുന്നത്. 63 വയസ്സുകാരനും 15 വയസ്സുകാരിയും ഇവരുടെ വൃക്കകളാണ് സ്വീകരിച്ചിരിക്കുന്നത്. ഇരുവരുടെയും അവയവമാറ്റ ശസ്ത്രക്രിയ സിദ്റ മെഡിസിനിലാണ് നിർവഹിക്കപ്പെട്ടത്. 26 വയസ്സുകാരെൻറ കരൾ 35 വയസ്സുകാരി സ്വീകരിച്ചു. ഇവരുടെ ശസ്ത്രക്രിയ ഹമദ് മെഡിക്കൽ കോർപറേഷനിലും നടത്തി.
അതോടൊപ്പം 22 കാരിയായ നിയമവിദ്യാർഥി തെൻറ ഒരു വൃക്ക പിതാവിന് ദാനമായി നൽകിയ സംഭവത്തിനും എച്ച്.എം.സി സാക്ഷ്യം വഹിച്ചു. ശസ്ത്രക്രിയക്കുശേഷം പിതാവ് സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായി എച്ച്.എം.സി അറിയിച്ചു.
അവയവങ്ങൾ ദാനം ചെയ്ത മരിച്ചയാളുടെ കുടുംബത്തെ സന്ദർശിച്ച ആരോഗ്യ മന്ത്രി ഡോ. അൽ കുവാരി നന്ദി അറിയിക്കുകയും അവരെ പ്രശംസിക്കുകയും ചെയ്തു. അവയവദാനം എന്നത് കേവലപ്രക്രിയയല്ലെന്നും ജീവൻ രക്ഷിക്കുന്നതിന് തുല്യമാണെന്നും ഖത്തറിലെ അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയകളും വിജയകരമായി മുന്നേറുന്നതിൽ അഭിമാനിക്കുന്നതായും ഡോ. അൽ കുവാരി പറഞ്ഞു.
അവയവദാന, അവയവമാറ്റ ശസ്ത്രക്രിയ മേഖലയിലെ ഖത്തറിെൻറ ദേശീയ സ്ട്രാറ്റജി ഉന്നത അന്താരാഷ്ട്ര നിലവാരത്തിലാണെന്നും അതോടൊപ്പം ശസ്ത്രക്രിയകൾക്കായി ആഗോളതലത്തിൽ തന്നെ വിദഗ്ധരായ ആരോഗ്യ പ്രവർത്തകരും സംവിധാനങ്ങളും ഖത്തറിനുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഡിസംബറിൽ അഞ്ച് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്കാണ് ഖത്തർ സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാേൻറഷൻ തയാറെടുക്കുന്നത്. വൃക്ക ദാനം ചെയ്യുന്നവരെല്ലാം ജീവിച്ചിരിക്കുന്നവരാണെന്നും ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി പറഞ്ഞു. അവയവമാറ്റ ശസ്ത്രക്രിയ യഥാർഥത്തിൽ ജീവൻരക്ഷാ പ്രവർത്തനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യം കോവിഡ്-19ൽനിന്നും കരകയറിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ സേവനങ്ങൾ ഉടൻ പുനരാരംഭിക്കും. 2012ൽ ഖത്തർ അവയവദാന രജിസ്ട്രി ആരംഭിച്ചതിന് ശേഷം 4,30000ത്തിലധികം പേരാണ് അവയദാനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.