ദോഹ: പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ വിടപറയാനൊരുങ്ങുന്നു, നാട് പതിയെ ചെറിയപെരുന്നാൾ സന്തോഷത്തിലേക്ക് നീങ്ങുകയാണ്. കോവിഡിൻെറ പ്രയാസങ്ങൾ മാറിവരുന്നതിൻെറ ആശ്വാസത്തിലാണ് എല്ലാവരും. കോവിഡ് ചട്ടങ്ങൾ പാലിച്ച് സാധ്യമാകുന്ന തരത്തിൽ പെരുന്നാൾ ആഘോഷിക്കാനൊരുങ്ങുകയാണ് എല്ലാവരും. എന്നാൽ, കുടുംബസന്ദർശനങ്ങളടക്കം ഒഴിവാക്കണമെന്ന് അധികൃതർ ഉണർത്തുന്നുണ്ട്. വ്യാപാരസ്ഥാപനങ്ങളിൽ നേരത്തേതന്നെ ഈദ് വിൽപന സജീവമായിട്ടുണ്ട്. പ്രധാന മാളുകളും ൈഹപർമാർക്കറ്റുകളും പ്രത്യേക ഈദ് ഓഫറുകളും തുടങ്ങിയിട്ടുണ്ട്.
ഉപഭോക്താക്കളെല്ലാം കോവിഡ് പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചാണ് പുറത്തിറങ്ങുന്നത്. കടകളിലടക്കം സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് പരിശോധന കർശനമാണ്. റമദാൻ 28 ആണ് ഇന്ന്. മാസം കണ്ടില്ലെങ്കിൽ റമദാൻ 30ഉം പൂർത്തിയാക്കി മേയ് 13നായിരിക്കും ചെറിയപെരുന്നാൾ. മാസം കണ്ടാൽ 12നും. ജ്യോതിശാസ്ത്രപരമായ കണക്കുകൾ പ്രകാരം ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) മേയ് 13നായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് നേരത്തേ അറിയിച്ചിട്ടുണ്ട്. മേയ് 12ന് ഹിജ്റ വർഷം 1442 റമദാനിലെ അവസാനദിനമായിരിക്കുമെന്നും മേയ് 13 ശവ്വാൽ ഒന്നായിരിക്കുമെന്നും ഖത്തർ കലണ്ടർ ഹൗസ് പറയുന്നു. എന്നാൽ, മാസപ്പിറവിയുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനം ഔഖാഫ് മതകാര്യമന്ത്രാലയത്തിലെ മാസപ്പിറവി നിർണയ സമിതിക്കായിരിക്കും.
മേയ് 11ന് പ്രാദേശിക സമയം രാത്രി 10 ഓടെയാണ് ശവ്വാൽ മാസം പിറക്കുന്നത്. അതിനാൽ വൈകുന്നേരം മാസപ്പിറവി ദൃശ്യമാകുകയില്ലെന്നും ശൈഖ് അബ്ദുല്ല അൽ അൻസാരി കോംപ്ലക്സിലെ എക്സിക്യൂട്ടിവ് ഡയറക്ടർ എൻജി. ഫൈസൽ അൽ അൻസാരി പറയുന്നു. റമദാൻ അവസാനിക്കാറായതോടെ ഫിത്ർ സകാത് ശേഖരിക്കുന്ന തിരക്കിലാണ് അധികൃതർ. പെരുന്നാൾ ദിനങ്ങളിൽ ആരും ഭക്ഷണത്തിനായി പ്രയാസെപ്പടരുത് എന്ന ഉദ്ദേശ്യത്തിലാണ് എല്ലാവരിൽനിന്നും ഇതു ശേഖരിച്ച് അർഹരായവർക്ക് എത്തിച്ചുനൽകുന്നത്. ഈ വർഷം ഫിത്ർ സകാത് തുക ഒരാൾക്ക് 15 റിയാലായിരിക്കുമെന്ന് ഔഖാഫിന് കീഴിലെ സകാത് ഫണ്ട് അറിയിച്ചിട്ടുണ്ട്. വിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും കുട്ടികളും മുതിർന്നവരുമായ എല്ലാവരും സകാത് നൽകാൻ ബാധ്യസ്ഥരാണ്. കൃത്യ സമയത്തുതന്നെ സകാത് നൽകണം.
പെരുന്നാൾ നമസ്കാരത്തിനു മുമ്പായി സകാത് നൽകണം. എന്നാൽ, മാത്രമേ അത് അർഹരിലേക്ക് എത്തിക്കാൻ കഴിയുകയുള്ളൂവെന്നും സകാത് ഫണ്ട് വ്യക്തമാക്കി. സകാത് നൽകാൻ ആഗ്രഹിക്കുന്നവർ സകാത് കലക്ഷൻ സെൻററുകളുമായാണ് ബന്ധപ്പെടേണ്ടത്.
ജനങ്ങൾ അധികമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവായ അരിയുടെ 2.5 കിലോഗ്രാമാണ് ഫിത്ർ സകാതായി എടുക്കേണ്ടതെന്നതാണ് പൊതുതത്ത്വമെങ്കിലും പണമായി നൽകാനും സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം, ഖത്തറിലെ ആയിരത്തിലധികം പള്ളികളിലും മൈാതാനങ്ങളിലും ചെറിയ പെരുന്നാൾ നമസ്കാരം നടക്കും. ഇവയുടെ പട്ടിക ഔഖാഫ് ഇസ്ലാമിക മതകാര്യമന്ത്രാലയം പുറത്തുവിട്ടു. മന്ത്രാലയത്തിൻെറ വെബ്സൈറ്റിലും സമൂഹമാധ്യമഅക്കൗണ്ടുകളിലും ഇവയുടെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ ലഭിക്കും. പള്ളികളിലെത്തുന്നവർ എല്ലാവിധ കോവിഡ് പ്രതിരോധചട്ടങ്ങളും പാലിക്കണമെന്ന് മന്ത്രാലയം ഉണർത്തി. സ്വന്തമായി നമസ്കാരപടങ്ങൾ കൊണ്ടുവരണം. ഹസ്തദാനം, ആലിംഗനം തുടങ്ങിയവ ഒഴിവാക്കണം.
ദോഹ: പെരുന്നാൾ അവധി ദിനങ്ങളിലെ ആഭ്യന്തരമന്ത്രാലയം സേവനങ്ങളുടെ സമയക്രമം നിശ്ചയിച്ചു. അവധി ദിനങ്ങളിലും മന്ത്രാലയത്തിൻെറ സുരക്ഷവകുപ്പും ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിഭാഗവും ദിവസം 24 മണിക്കൂറും പ്രവർത്തിക്കും. സേവാനാധിഷ്ഠിത വകുപ്പുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകും. നാഷനാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെൻറ്സ്, പാസ്പോർട്സ്, ട്രാഫിക് ആൻഡ് ഫിംഗർ പ്രിൻറ് തുടങ്ങിയ ഇത്തരം വകുപ്പുകൾ രാവിലെ എട്ടുമുതൽ ഉച്ചക്ക് 12 വരെ പ്രവർത്തിക്കും.
ഫാഹിസ് കേന്ദ്രങ്ങളുടെ പ്രവർത്തനം
വാഹനങ്ങളുടെ സാങ്കേതികപരിശോധനകേന്ദ്രങ്ങളായ വുഖൂദ് വെഹിക്കിൾസ് ഇൻസ്പെക്ഷൻ അഥവാ ഫാഹിസ് കേന്ദ്രങ്ങളുടെ പ്രവർത്തനം പെരുന്നാൾ അവധിദിനങ്ങളിൽ പുനഃക്രമീകരിച്ചിട്ടുണ്ട്. ഫാഹിസ് കേന്ദ്രങ്ങൾക്ക് മേയ് ഒമ്പതുമുതൽ 18 വരെയാണ് അവധി. എന്നാൽ, ജനങ്ങൾക്കുള്ള സേവനം മുടങ്ങാതിരിക്കാനായി മസ്റൂഅ, വക്റ എന്നിവിടങ്ങളിലെ ഫാഹിസ് കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കും. മേയ് ഒമ്പതുമുതൽ റമദാൻ അവസാനം വരെ രാവിലെ എട്ടുമുതൽ ഉച്ചക്ക് 12 വരെയായിരിക്കും ഇത്. ഇവ മേയ് 16 മുതൽ 18 വരെ രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെയും പ്രവർത്തിക്കും. 11.45ന് ഈ കേന്ദ്രങ്ങളുടെ ഗേറ്റ് അടക്കും. അതിനു മുമ്പ് എത്തുന്നവർക്ക് മാത്രമേ സേവനങ്ങൾ ലഭിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.