ദോഹ: ഖത്തറിന്റെ പൊതുഗതാഗത- ടൂറിസം മേഖലയിൽ വിപ്ലവം കുറിക്കുന്ന വാട്ടർ ടാക്സി പദ്ധതിയുടെ ആദ്യഘട്ട അടിസ്ഥാന സൗകര്യ വികസനങ്ങൾ പൂർത്തിയായതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ദോഹ ഓൾഡ് പോർട്ടിൽ നടക്കുന്ന ഖത്തർ ബോട്ട് ഷോയുടെ ഭാഗമായാണ് ഗതാഗത മന്ത്രാലയം വാട്ടർ ടാക്സി പദ്ധതിയുടെ പുരോഗതി പ്രഖ്യാപിച്ചത്.
ലുസൈൽ ഫെറി ടെർമിനൽ, പേൾ ഖത്തറിലെയും കോർണീഷിലെയും ഫെറി സ്റ്റോപ്പുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയത്.
ഗതാഗത മന്ത്രാലയം പങ്കാളികളായ ഖത്തർ ബോട്ട് ഷോയിലെ പവിലിയനിൽ വാട്ടർ ടാക്സിയുടെ വിവരണവും ലുസൈൽ ഫെറി ടെർമിനലിന്റെ മാതൃകയും പ്രദർശിപ്പിച്ചിട്ടുണ്ട്. ബോട്ട്ഷോയിലെത്തിയ ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് ബിൻ അഹ്മദ് അൽ സുലൈതി മാതൃക സന്ദർശിച്ചു.
ആധുനിക ജലഗതാഗത സൗകര്യം യാഥാർഥ്യമാക്കികൊണ്ട് ഖത്തറിന്റെ തീര നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് മൂന്നാം ഖത്തർ ദേശീയ വികസനപദ്ധതിയുടെ ഭാഗമായ വാട്ടർ ടാക്സി പദ്ധതി. സാങ്കേതിക വിദ്യകളും, പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമിടുന്ന വാട്ടർ ടാക്സിയെ, രാജ്യത്തിന്റെ മറ്റു പൊതുഗതാഗത സംവിധാനങ്ങളുമായി സംയോജിപ്പിച്ചുകൊണ്ടാണ് യാഥാർഥ്യമാക്കുന്നത്.
2200 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ളതാണ് ലുസൈൽ ഫെറി ടെർമിനൽ. ലാൻഡിങ് സ്റ്റേജ് ആയ 24 മീറ്റർ നീളത്തിലെ ബാർജ് ഉൾപ്പെടുന്ന ടെർമിനലിൽ ഇലക്ട്രിക് ചാർജിങ് സൗകര്യങ്ങളുമുണ്ട്. ടെർമിനലിൽ കാത്തിരിപ്പു കേന്ദ്രം, ടിക്കറ്റ് സൗകര്യം, ഷോപ്പുകൾ, ഓഫിസുകൾ തുടങ്ങിയ വിവിധ സേവന സൗകര്യങ്ങളും ഉൾപ്പെടുന്നു.
പേൾ, കോർണീഷ് എന്നിവിടങ്ങളിലും ഫെറി സ്റ്റോപ്പുകൾ സജ്ജമാക്കി കഴിഞ്ഞു. ഇവിടെയും ഫെറികൾ ചാർജ് ചെയ്യാനും മറ്റുമായി ബാർജുകൾ തയാറാക്കിയിട്ടുണ്ട്. ടിക്കറ്റിങ് ഓഫിസ്, കസ്റ്റമർ സർവിസ് സൗകര്യം എന്നിവയും ഉൾപ്പെടുന്നു.
പ്രോജക്ട് ഓപറേറ്റർ, യാത്രക്കുള്ള ഫെറികൾ എന്നിവയുടെ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു.
ഖത്തർ ദേശീയ വിഷൻ പദ്ധതിയുടെ ഭാഗമായി 2022ലാണ് അൽ വക്റ മുതൽ അൽ ഖോർ വരെ ജലഗതാഗതം വഴി ബന്ധിപ്പിക്കുന്ന വാട്ടർ ടാക്സി പ്രഖ്യാപിച്ചത്.
രണ്ടാം ഘട്ടത്തിൽ കതാറ, ഓൾഡ് ദോഹ പോർട്ട്, ഹമദ് വിമാനത്താവളം, അൽ വക്റ എന്നിവടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾ പൂർത്തിയാക്കും. മൂന്നാം ഘട്ടത്തിലാണ് ഓൾഡ് പോർട്ടിനെ രാജ്യത്തിന്റെ വടക്കൻ പ്രദേശമായ അൽ ഖോറുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തിയിലേക്ക് പ്രവേശിക്കുക. ലുസൈൽ സിറ്റി, സിമൈസിമ എന്നിവയിലൂടെ കടന്നുപോകുന്നതാണ് ഈ പദ്ധതി.
ഖത്തറിന്റെ പൊതുഗതാഗത മേഖലയെ തന്നെ മാറ്റി മറിക്കുന്ന വാട്ടർ ടാക്സി, വിനോദ സഞ്ചാര മേഖലക്കും ഊർജം പകരും. യാത്രക്കാർക്ക്, കടലിലൂടെ ആസ്വാദ്യകരമായ യാത്രയും മികച്ച അനുഭവവും പകരുന്നതാവും രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.