സ്പാനിഷ് സന്ദർശനത്തിന്‍റെ ഭാഗമായി സെനറ്റിലെത്തിയ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി സന്ദർശക പുസ്തകത്തിൽ എഴുതുന്നു 

സ്പെയിനിൽ അമീറിന് ഊഷ്മള വരവേൽപ്

ദോഹ: ഔദ്യോഗിക സന്ദർശനത്തിന്‍റെ ഭാഗമായി സ്പെയിനിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് തലസ്ഥാന നഗരമായ മഡ്രിഡിലെ റോയൽ പാലസിൽ ഊഷ്മള സ്വീകരണം.

ഫിലിപ്പ് നാലാമൻ രാജാവ്, ലെറ്റീസിയ രാജ്ഞി എന്നിവർ ചേർന്ന് അമീറിനൊപ്പം ശൈഖ ജവാഹിർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിയെയും റോയൽ പാലസിൽ സ്വീകരിച്ചു.

ഇരുരാഷ്ട്രങ്ങളുടെയും ദേശീയ ഗാനാലാപനത്തിന് ശേഷം അമീറിന് ഗാർഡ് ഓഫ് ഹോണറും നൽകി. സ്പാനിഷ് റോയൽ ഗാർഡ്, റോയൽ കാവരി എന്നിവരുടെ സൈനിക പരേഡും അമീർ വീക്ഷിച്ചു. റോയൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഖത്തറും സ്പെയിനും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായും ബന്ധപ്പെട്ടും ചർച്ച ചെയ്തു. പരസ്പര പ്രാധാന്യമുള്ള വിഷയങ്ങളും ഇരുരാഷ്ട്രത്തലവന്മാരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

സെനറ്റിൽ പ്രസിഡന്‍റ് ആൻഡർ ഗിൽ അമീറിനെ സ്വീകരിച്ചു. തുടർന്ന് സെനറ്റിനെ അഭിമുഖീകരിച്ച അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, പാർലമെന്‍ററി രംഗത്തെ പരിചയവും അനുഭവങ്ങളും പങ്കുവെക്കുന്നതിന്‍റെ ആവശ്യകത ചൂണ്ടികാട്ടി. രാജ്യാന്തര സൗഹൃദത്തിന്‍റെ സൂചകമായി സെനറ്റ് ആന്‍റ് കോൺഗ്രസ് ഓഫ് ഡെപ്യൂട്ടീസ് മെഡൽ അമീറിന് സമ്മാനിച്ചു.ഖത്തർ -സ്പെയിൻ നയതന്ത്ര ബന്ധത്തിന്‍റെ 50ാം വാർഷികം കൂടിയാണിത്.

സിറ്റി ഹാളിൽ ഗോൾഡൻ കീ സ്വീകരിച്ച് അമീർ

മഡ്രിഡ് സിറ്റി ഹാളിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഖത്തരി ജനതക്ക് സ്പെയിൻ ജനതയുടെ ആശീർവാദ സൂചകമായി മാഡ്രിഡിന്‍റെ സുവർണ താക്കോൽ സ്വീകരിച്ചു. സിറ്റി ഹാളിലെത്തിയ അമീറിനെ മാഡ്രിഡ് മേയർ ഹൊസേ ലൂയിസ് മാർട്ടിനെസ് അൽമേഡ ഉൾപ്പെടെയുള്ള ഉന്നത സംഘം സ്വീകരിച്ചു. സിറ്റി ഹാൾ സന്ദർശിക്കാൻ സാധിച്ചതിലും മേയറുമായുള്ള കൂടിക്കാഴ്ചയിലും അമീർ സന്തോഷം രേഖപ്പെടുത്തുകയും മഡ്രിഡ് നഗരത്തിന് ആശംസ അറിയിക്കുകയും ചെയ്തു. ഖത്തറിൽ നിന്നുള്ള ഉന്നതതല സംഘവും അമീറിനെ അനുഗമിച്ചിരുന്നു.

സന്ദർശനം നയതന്ത്രബന്ധം ശക്തമാക്കും -സ്ഥാനപതി

ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സ്പെയിൻ സന്ദർശനം ഖത്തറും സ്പെയിനും തമ്മിലുള്ള സഹകരണത്തിൽ പുതിയ വഴി തുറക്കുമെന്ന് ഖത്തറിലെ സ്പെയിൻ സ്ഥാനപതി ബെലെൻ അൽവാരോ ഹെർണാണ്ടസ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ, നയതന്ത്രബന്ധം പുതിയ തലങ്ങളിലെത്തിക്കുമെന്നും വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക, ശാസ്ത്ര മേഖലകളിൽ പുതിയ സഹകരണം സാധ്യമാക്കുമെന്നും ബെലെൻ ഹെർണാണ്ടസ് കൂട്ടിച്ചേർത്തു. 

Tags:    
News Summary - Warm welcome to the Emir of Spain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.