ദോഹ: മാലിന്യങ്ങൾ വലിച്ചെറിയാതെ സംസ്കരിച്ചെടുത്ത് പുനരുപയോഗിക്കാൻ കഴിയുന്ന പദ്ധതികൾക്ക് പിന്തുണയുമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. കാർബൺ ബഹിർഗമനം കുറച്ച്, പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായി സാഹചര്യങ്ങൾക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യവുമായി റീസൈക്ലിങ് ഫാക്ടറികൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലെ മാലിന്യ റീസൈക്ലിങ് ആൻഡ് ട്രീറ്റ്മെൻറ് വിഭാഗം അസി. ഡയറക്ടർ ഹസൻ അൽ നസ്ർ അറിയിച്ചു. ഖത്തർ ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് പദ്ധതികൾ ഇദ്ദേഹം വിശദീകരിച്ചത്.
ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗമായാണ് സുസ്ഥിരതാ സമ്പ്രദായങ്ങൾ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ സംരംഭം മന്ത്രാലയം നടപ്പാക്കുന്നത്. വകുപ്പിന്റെ കീഴിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിൽ പ്രതിദിനം ഏകദേശം 2,300 ടൺ മാലിന്യമാണ് സംസ്കരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മാലിന്യങ്ങൾ സംസ്കരിച്ച് പുനരുപയോഗിക്കാവുന്ന വസ്തുക്കളാക്കി മാറ്റുന്നതിനൊപ്പം, അവശിഷ്ട മാലിന്യങ്ങളെ വളമായും ഹരിത ഊർജമായും, പ്രത്യേകിച്ച് വൈദ്യുതിയാക്കി മാറ്റാനും വേസ്റ്റ് മാനേജ്മെൻറ് സെൻറർ വഴി സാധ്യമാവുന്നു.
മാലിന്യ പുനരുപയോഗത്തിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി റീസൈക്കിൾ ചെയ്യാവുന്ന വസ്തുക്കൾ അൽ അഫ്ജയിലെ റീസൈക്ലിങ് ഫാക്ടറികൾക്കുള്ള അസംസ്കൃത വസ്തുക്കൾ എന്ന നിലയിൽ സൗജന്യമായി വിതരണം ചെയ്യും. ഇലക്ട്രോണിക്സ്, ബാറ്ററികൾ, കേബിൾ, പ്ലാസ്റ്റിക്, പേപ്പർ എന്നിവ ഉൾപ്പെടെ പുനരുപയോഗ സാധ്യതയുള്ളവ റീസൈക്ലിങ് യൂനിറ്റുകൾക്ക് നൽകാനാണ് പദ്ധതി.
ഉംസഈദ് ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന അൽ അഫ്ജ, റീസൈക്ലിങ് വ്യവസായത്തിന്റെ പ്രധാന കേന്ദ്രമായി അതിവേഗം വികസിക്കുന്ന ഇടമാണ്. മേഖലയിൽ 12 ഫാക്ടറികൾ നിർമാണ ഘട്ടത്തിലാണ്. അൽ അഫ്ജയിൽ അനുവദിച്ച 252 പ്ലോട്ടുകളിൽ 53 എണ്ണം റീസൈക്ലിങ് ഫാക്ടറികൾക്കായി പ്രത്യേകം നീക്കിവെച്ചതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.