ദോഹ: ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരെ ത്രസിപ്പിച്ച ഖത്തർ ലോകകപ്പിന്റെ അതിശയ മുഹൂർത്തങ്ങൾ വീണ്ടും കാണാൻ കൊതിക്കുന്നവരാണോ നിങ്ങൾ. ലോകകപ്പ് ഫുട്ബാളിലേക്കുള്ള ഖത്തറിന്റെ യാത്രയും, 2022 നവംബർ 20ന് കിക്കോഫ് കുറിച്ച് ഡിസംബർ 18ന് ലയണൽ മെസ്സിയുടെ കിരീട നേട്ടത്തോടെ കൊടിയിറങ്ങിയ വിശ്വമേളയുടെ അവിസ്മരണീയ നിമിഷങ്ങളും വീണ്ടും തിരശ്ശീലയിലെത്തുന്നു.
ഫിഫയും ഖത്തർ ലോകകപ്പിന്റെ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ചേർന്നാണ് ലോകകപ്പിനെക്കുറിച്ച് എട്ട് ഭാഗങ്ങളുള്ള ടെലിവിഷൻ പരമ്പര അവതരിപ്പിക്കുന്നത്. ‘വി വേർ ദേർ’ എന്ന തലക്കെട്ടിൽ എട്ട് ഭാഗങ്ങളായി അവതരിപ്പിക്കുന്ന പരമ്പരയിൽ ഖത്തർ ലോകകപ്പിലെ ശ്രദ്ധേയ കഥകൾ ആഗോള പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ് ഫിഫയും സുപ്രീം കമ്മിറ്റിയും ലക്ഷ്യമിടുന്നത്.
സ്റ്റാർ വാർസിന്റെ ഡെയ്സി റിഡ്ലിയാണ് പരമ്പരക്ക് ശബ്ദം നൽകിയത്. നോഹ് മീഡിയ ഗ്രൂപ്പും എച്ച്.ബി.എസ്സും ചേർന്നാണ് നിർമാണം. മൈതാനത്തിനകത്തും പുറത്തുമായി ശ്രദ്ധേയ ടൂർണമെന്റായി മാറിയ ഖത്തർ ലോകകപ്പിലെ പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് 30 മിനിറ്റ് വീതം ദൈർഘ്യമുള്ള എട്ട് ഭാഗങ്ങളായി പരമ്പര തയാറാക്കിയിരിക്കുന്നത്.
ടൂർണമെന്റിന്റെ കഥ പറയുന്ന സന്ദർഭത്തിൽ തന്നെ ഓരോ ഭാഗവും ഹ്രസ്വ ഡോക്യുമെന്ററി കൂടിയാണ്. പ്രധാന കഥാപാത്രങ്ങളുടെ പശ്ചാത്തലം വിവരിക്കുന്നതോടൊപ്പം ഇവ ഓരോന്നും, ഖത്തറിലേക്കുള്ള അവരുടെ യാത്രയെ വിവരിക്കുകയും അവരുടെ കണ്ണിലൂടെ പ്രധാന മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നു. ഖത്തർ ഫിഫ ലോകകപ്പ് അവരുടെ ജീവിതത്തെ മാറ്റിമറിച്ചതായും ഡോക്യുമെന്ററിയിൽ പറയുന്നു.
ഫിഫയുടെ ടൂർണമെന്റ് സൂക്ഷിപ്പുകളിൽ ഇതുവരെ കാണാത്തതും മികച്ചതുമായ രംഗങ്ങളാണ് പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റേഡിയങ്ങൾക്കും ഡ്രസ്സിങ് റൂമുകൾക്കും ചുറ്റുമുള്ള മേഖലകൾ, ടൂർണമെന്റിനിടയിലെ വൈകാരിക നിമിഷങ്ങൾ എന്നിവ പരമ്പരയിൽ ഉൾപ്പെടും.
ലോകകപ്പ് കിരീടം നേടിയ അർജന്റീന ടീമിന്റെ പരിശീലകൻ ലയണൽ സ്കലോണി, ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്, യൂലിയൻ അൽവാരസ്, ഗോൺസാലോ മോണ്ടിയൽ തുടങ്ങിയവർ പരമ്പരയിൽ പ്രത്യക്ഷപ്പെടുന്നു.
ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ്, പോർചുഗൽ താരം ബ്രൂണോ ഫെർണാണ്ടസ്, ജപ്പാൻ പരിശീലകൻ ഹാജിം മൊറിയാസു, മൊറോക്കയുടെ ഗോൾകീപ്പർ യാസിൻ ബോനോ, റയൽ മഡ്രിഡിന്റെ ബ്രസീലിയൻ താരം റോഡ്രിഗോ, മൊറോക്കോയുടെ തന്നെ സുഫ്യാൻ അംറാബത്, ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ച്, പരിശീലകൻ സ്ലാറ്റ്കോ ഡാലിച് തുടങ്ങിയവരും പരമ്പരയിൽ വിവിധ ഭാഗങ്ങളിലായി വരുന്നുണ്ട്.
ഇതിന് പുറമേ, താരങ്ങളിൽനിന്നും പരിശീലകരിൽനിന്നും കേൾക്കാത്ത അനുഭവങ്ങളും വിശേഷങ്ങളുമായി ആരാധകരും പരമ്പരയിൽ പ്രേക്ഷകർക്ക് മുന്നിലെത്തും. മരുഭൂമിയിലൂടെ നടന്ന് ഖത്തറിലെത്തിയ സൗദി ആരാധകൻ മുതൽ ഫ്രഞ്ച് സൂപ്പർ താരം എംബാപ്പെയുമായി അവിസ്മരണീയമായ നിമിഷങ്ങൾ പങ്കുവെച്ച ലഇീബ് മാസ്കോട്ട് വരെ ഇവരിൽ ഉൾപ്പെടും. ലൂക്ക് മെലോസ് സംവിധാനം ചെയ്ത പരമ്പര നോഹ് മീഡിയ ഗ്രൂപ്പിന്റെ തരുൺ തിൻഡും എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ റിച്ചാർഡ് മക്കിൻസണും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
ഫിഫ ലോകകപ്പ് ഖത്തർ 2022 ഖത്തറിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദശലക്ഷക്കണക്കിന് വരുന്ന ആരാധകർക്കും അവിസ്മരണീയമായ മാസങ്ങളായിരുന്നു സമ്മാനിച്ചതെന്നും, അതിനെ നമ്മുടേതായ രീതിയിൽ പുനരുജ്ജീവിപ്പിക്കാൻ എല്ലാവർക്കുമുള്ള അവസരമാണ് പരമ്പരയെന്നും എസ്.സി കമ്യൂണിക്കേഷൻ ആൻഡ് മീഡിയ എക്സിക്യൂട്ടിവ് ഡയറക്ടർ ഫത്മ അൽ നുഐമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.