ദോഹ: 2026 ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ യോഗ്യത റൗണ്ടിലെ നിർണായക അങ്കങ്ങൾക്ക് മുന്നോടിയായി പരിശീലനം ആരംഭിച്ച് ഖത്തർ ദേശീയ ടീം. സെപ്റ്റംബർ അഞ്ച് വ്യാഴാഴ്ച അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ അയൽക്കാരായ യു.എ.ഇയെ നേരിടുന്ന ദേശീയ ടീം വെള്ളിയാഴ്ചയോടെയാണ് ഖലീഫ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയത്.
കോച്ച് മാർക്വേസ് ലോപസിനു കീഴിൽ, അക്രം അഫീഫ്, ഗോൾകീപ്പർ മിഷാൽ ബർഷിം, അൽ മുഈസ് അലി, യൂസുഫ് അബ്ദുറസാഖ്, ലൂകാസ് മെൻഡിസ്, കരീം ബൗദിയാഫ് തുടങ്ങിയ താരങ്ങളെല്ലാം ടീം നിരയിൽ തിരിച്ചെത്തി.
സെപ്റ്റംബർ അഞ്ചിന് രാത്രി ഏഴിനാണ് മത്സരത്തിന്റെ കിക്കോഫ്. മാച്ച് ടിക്കറ്റുകളുടെ വിൽപന കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഖത്തർ ഫുട്ബാൾ ഔദ്യോഗിക വെബ്സൈറ്റ് വഴി ആരാധകർക്ക് മാച്ച് ടിക്കറ്റ് സ്വന്തമാക്കാവുന്നതാണ്. യു.എ.ഇക്കും, പത്തിന് ഉത്തര കൊറിയക്കുമെതിരെ നടക്കുന്ന മത്സരത്തിനായി 26അംഗ ടീമിനെയാണ് കോച്ച് പ്രഖ്യാപിച്ചത്.
ഇറാൻ, ഉസ്ബകിസ്താൻ തുടങ്ങിയ ടീമുകൾ കൂടി അണിനിരക്കുന്ന ഗ്രൂപ്പിൽനിന്നും ആദ്യ രണ്ടു സ്ഥാനക്കാർക്ക് നേരിട്ട് യോഗ്യത ഉറപ്പിക്കാമെന്നതിനാൽ വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടാതെയാണ് ഖത്തർ പോരാട്ടത്തിനിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.