ദോഹ: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സ്വന്തം മണ്ണിൽ നേടിയ തകർപ്പൻ ജയത്തിന്‍റെ ആത്മവിശ്വാസവുമായി ഖത്തർ ഇന്ന് വമ്പൻ മത്സരത്തിന് ബൂട്ടുകെട്ടുന്നു. നാലുദിനം മുമ്പ് കിർഗിസ്താനെ 3-1ന് അൽ തുമാമ സ്റ്റേഡിയത്തിൽ വീഴ്ത്തി ആദ്യജയം നേടിയ ഖത്തർ അടുത്ത അങ്കത്തിൽ ചൊവ്വാഴ്ച ഇറാനെ നേരിടും. തെഹ്റാനിൽ നടക്കേണ്ടിയിരുന്ന മത്സരം സുരക്ഷാ ഭീഷണി കാരണം നിഷ്പക്ഷ വേദിയായ ദുബൈയിലാണ് അരങ്ങേറുന്നത്.
ഖത്തർ സമയം വൈകുന്നേരം ഏഴിന് റാഷിദ് സ്റ്റേഡിയത്തിലാണ് മത്സരത്തിന് കിക്കോഫ് കുറിക്കുന്നത്. ഗ്രൂപ് ‘എ’യിൽ മൂന്നിൽ രണ്ട് ജയവുമായി ഏഴ് പോയന്‍റുള്ള ഇറാൻ രണ്ടാം സ്ഥാനത്തും ഒരു ജയവും ഒരു സമനിലയുമായി ഖത്തർ നാല് പോയന്‍റോടെ നാലാം സ്ഥാനത്തുമാണുള്ളത്.
ഇന്‍റർമിലാൻ താരം മെഹ്ദി തരിമി, റോമയുടെ സർദർ അസ്മൗൻ തുടങ്ങിയ താരങ്ങളുമായി ബൂട്ടുകെട്ടുന്ന ഇറാൻ മിന്നും ഫോമിലാണ്. കഴിഞ്ഞ ഏഷ്യൻ കപ്പ് സെമി ഫൈനലിൽ ഖത്തറിനോട് 3-2ന് തോറ്റതിനുശേഷം ടീം ഇതുവരെ ഒരു മത്സരംപോലും കൈവിട്ടിട്ടില്ല. ഏഷ്യൻ കപ്പിലെ തോൽവിക്കുള്ള കണക്കുതീർക്കൽ കൂടിയാവും അമിർ ഗലേനോയിയുടെ ടീമിന്‍റെ മനസ്സിലിരിപ്പ്. അതേസമയം, പ്രതിരോധം ശക്തമാക്കിയും ആക്രമണത്തിന് മൂർച്ചകൂട്ടിയും ഖത്തറും മികച്ച തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.