ദോഹ: ഭാവിയിലെ പ്രധാനപ്പെട്ട കായിക ചാമ്പ്യൻഷിപ്പുകളിൽ ആരോഗ്യകരമായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കാൻ ലോകാരോഗ്യ സംഘടന. 2022ലെ ഖത്തർ ലോകകപ്പിൽ നടപ്പാക്കിയ ആരോഗ്യ നടപടികളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് പുതിയ ചുവടുവെപ്പ്. ആഗോളതലത്തിൽ നടക്കുന്ന ഭാവി കായിക ചാമ്പ്യൻഷിപ്പുകൾക്ക് അറബ്, ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന ആദ്യ പ്രധാന കായിക ടൂർണമെന്റ് മാതൃകയാകുന്നുവെന്നത് അതിന്റെ ലെഗസി പദ്ധതികളിൽ പുതിയ അധ്യായം കുറിക്കും.
ഭാവി കായിക ചാമ്പ്യൻഷിപ്പുകൾക്കായി ലോകാരോഗ്യ സംഘടനയും ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവും തമ്മിലുള്ള പുതിയ പങ്കാളിത്തം, 2022ലെ ഖത്തർ ലോകകപ്പ് സമയത്ത് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പാക്കിയ ഇരുകക്ഷികളുടെയും മുൻ സഹകരണത്തിന്റെ ഫലമായാണ് വിലയിരുത്തപ്പെടുന്നത്.
കായിക ചാമ്പ്യൻഷിപ്പുകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരവും ഭക്ഷണവുമായി ബന്ധപ്പെട്ട ക്രമീകരണവും മെച്ചപ്പെടുത്തുന്നതിൽ ആരോഗ്യ സംഘടനയുടെ പുതിയ ഗൈഡ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ഖത്തർ ലോകകപ്പിൽ സ്റ്റേഡിയങ്ങൾക്കുള്ളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ 30 ശതമാനവും ആരോഗ്യകരമായ പോഷകാഹാര മാനദണ്ഡങ്ങൾക്കനുസൃതമായിരുന്നു.ലോകാരോഗ്യ സംഘടനക്ക് കീഴിലുള്ള പോഷകാഹാര-ഭക്ഷ്യസുരക്ഷ വകുപ്പ് കായിക ചാമ്പ്യൻഷിപ്പുകളിൽ ആരോഗ്യകരമായ ഭക്ഷണവും ഭക്ഷണ അന്തരീക്ഷവും എന്ന തലക്കെട്ടിൽ പുതിയ പ്രവർത്തനാധിഷ്ഠിത കൈപ്പുസ്തകം പുറത്തിറക്കി.
പുതുതായി പുറത്തിറക്കിയ ഗൈഡ് കായിക ചാമ്പ്യൻഷിപ്പുകളിലെ സംഘാടകരെ ഉദ്ദേശിച്ചുള്ളതാണെന്ന് ലോകാരോഗ്യ സംഘടന വിശദീകരിച്ചു. ആരോഗ്യകരമായ ഭക്ഷണങ്ങൾ പരിപോഷിപ്പിക്കുന്നതിനും കായികരംഗത്തും പരിസരങ്ങളിലും ആരോഗ്യകരമായ ഭക്ഷണ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുമായി അഞ്ചു തന്ത്രപ്രധാന നടപടികളാണ് ഇതിൽ അവതരിപ്പിക്കുക.
ലഭ്യമായ ഭക്ഷണത്തിന്റെ ഗുണനിലവാരം മുതൽ ഹാനികരമായ വിപണനരീതി തടയുന്നത് വരെയുള്ള കാര്യങ്ങൾ ഈ കൈപ്പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കായിക, ആരോഗ്യ സഹകരണത്തിലെ ലോകകപ്പ് മാതൃക
ലോകാരോഗ്യ സംഘടന, ഫിഫ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്.സി) എന്നിവർ തമ്മിൽ 2021ൽ ആരംഭിച്ച സഹകരണമാണ് 2022 ലോകകപ്പ് ആരോഗ്യകരവും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്തിയത്. കോവിഡ് വ്യാപനം തടയുന്നത് മുതൽ ആരോഗ്യകരമായ ഭക്ഷണ മെനു തിരഞ്ഞെടുക്കുന്നത് വരെ ഈ സഹകരണത്തിലുൾപ്പെട്ടിരുന്നു. സ്റ്റേഡിയങ്ങൾക്കുള്ളിലെ സമ്പൂർണ പുകയില നിരോധനവും ആരോഗ്യകരമായ ഭക്ഷണ വിതരണവും ചെറിയ ഉദാഹരണങ്ങൾ മാത്രം.
മൂന്നു കക്ഷികളും തമ്മിലുള്ള സഹകരണത്തിന്റെ ഫലമായി രാജ്യത്തുടനീളമുള്ള കൂറ്റൻ ബിൽ ബോർഡുകളിലും വാണിജ്യ കേന്ദ്രങ്ങളിലും ആരോഗ്യ സന്ദേശങ്ങൾ ഉയർന്നു.
ഖത്തറും ഡബ്ല്യു.എച്ച്.ഒയും ഫിഫയും തമ്മിലുള്ള സഹകരണം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ സഹായകമാകുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് ഗബ്രിയേസസ് കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.