അൽ ഖോബാർ: സൗദിയുടെ അഭിമാന പദ്ധതിയായ നിയോമിൽ പുതുതായി സ്ഥാപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഹരിത ഹൈഡ്രജൻ പദ്ധതിക്ക് നാഷനൽ ഡെവലപ്മെന്റ് ഫണ്ട് (എൻ.ഡി.എഫ്) 10.3 ബില്യൺ റിയാൽ ധനസഹായം അനുവദിച്ചു.
രാജ്യത്ത് ഹരിതവും സുസ്ഥിരവുമായ പരിഹാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗദി ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഫണ്ടും (എസ്.ഐ.ഡി.എഫ്) ദേശീയ ഇൻഫ്രാസ്ട്രക്ചർ ഫണ്ടും (എൻ.ഐ.എഫ്) ഉം ചേർന്ന് പൂർത്തിയാക്കുന്ന ഈ സംരംഭം. ശുദ്ധമായ ഊർജത്തിലേക്ക് മാറുന്നതിനും ആഗോളതലത്തിൽ വർധിച്ചുവരുന്ന ഊർജ ആവശ്യകത നിറവേറ്റുന്നതിനുമുള്ള ഗ്രീൻ ഹൈഡ്രജൻ പദ്ധതി രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപങ്ങളിലൊന്നാണ്.
നിയോമിലെ ഓക്സഗണിൽ സ്ഥിതി ചെയ്യുന്ന എൻ.ജി.എച്ച്.സി 2026 അവസാനത്തോടെ പ്രതിദിനം 600 ടൺ കാർബൺ രഹിത ഹൈഡ്രജൻ ഉൽപാദിപ്പിച്ചു തുടങ്ങും. ഗതാഗതം, വ്യവസായം, ഊർജ സംയോജനം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇതിന്റെ പ്രയോജനം ലഭിക്കും.
2060-ഓടെ നെറ്റ് കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന സൗദി വിഷൻ 2030 ന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ് പദ്ധതി. നിയോം ഗ്രീൻ ഹൈഡ്രജൻ കമ്പനി (എൻ.ജി.എച്ച്.സി) യുടെ ഗ്രീൻ ഹൈഡ്രജൻ പദ്ധതി കുറഞ്ഞ കാർബൺ സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.
ഇതുവഴി ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറക്കുകയും വൈദ്യുതവിശ്ലേഷണത്തിലൂടെ ഹൈഡ്രജൻ ഉൽപാദിപ്പിച്ച് കാർബൺ ഉദ്വമനം ലഘൂകരിക്കുകയുമാണ് ലക്ഷ്യം. ഇതിനായി അത്യാധുനിക സാങ്കേതികവിദ്യയും ഊർജ സ്രോതസ്സുകളും പ്രയോജനപ്പെടുത്തും.
സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഗ്രീൻ ഹൈഡ്രജൻ പദ്ധതി ആഗോള തലത്തിൽ സൗദിയെ മുൻനിരയിൽ എത്തിക്കും. വ്യാവസായിക നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും വ്യാവസായിക മേഖലയെ വികസിപ്പിക്കുന്നതിന് അനുസൃതമായി സൗദി ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഫണ്ട് (എസ്.ഐ.ഡി.എഫ്) നൽകുന്ന ധനസഹായത്തോടെയാണ് സംരംഭം പൂർത്തിയാവുന്നത്.
സുപ്രധാന മേഖലകളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ പിന്തുണക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സ്ഥാപനമായ നാഷനൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എൻ.ഐ.എഫ് നൽകുന്ന ധനസഹായത്തിന് പുറമെയാണിത്. ഈ ചരിത്ര പദ്ധതിയുടെ ഭാഗമാകുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇത് ശുദ്ധവും സുസ്ഥിരവുമായ ഊർജ സ്രോതസ്സായി വലിയ തോതിൽ സ്വീകരിക്കുന്നതിന് വഴിയൊരുക്കുമെന്ന് എൻ.ഡി.എഫ് ബോർഡ് വൈസ് ചെയർമാൻ മുഹമ്മദ് അൽ തുവൈജ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.