റിയാദ്: കേളി കലാസാംസ്കാരികവേദിയുടെ ‘കുദു കേളി’ 10ാമത് ഫുട്ബാൾ ടൂർണമെന്റ് വെള്ളിയാഴ്ച മുതൽ ആരംഭിക്കും. രണ്ടു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റ് റിയാദ് സുലൈയിൽ പുതുതായി നിർമിച്ച അൽമുത്തവ പാർക്ക് ഗ്രൗണ്ടിലാണ് നടക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ പകുതിവരെ എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ട് 5.30നും 7.30നുമായി രണ്ടു മത്സരങ്ങൾ വീതമാണ് നടക്കുക. സൗദി കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള അമച്വർ ഫുട്ബാൾ ലീഗിന്റെ അനുമതിയോടെയാണ് ടൂർണമെന്റ് നടക്കുന്നത്.
സൗദി റഫറി പാനലിലെ അലി അല്‍ഖഹ്താനി ഹെഡ് റഫറിയായുള്ള ഏഴംഗ സംഘത്തിനാണ് മത്സരങ്ങള്‍ നിയന്ത്രിക്കാനുള്ള ചുമതല. ഫിഫ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഇലവൻസ് കളികളാണ് നടക്കുക. മികച്ച കളിക്കാരനും ഗോൾകീപ്പർക്കും മികച്ച ഡിഫൻഡർക്കും പ്രൈസ് മണി നൽകും. കാണികൾക്കായി 13 സ്കൂട്ടറുകളും 104 ഗ്രാം സ്വർണവും ഉൾപ്പെടെ ഒട്ടനവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനിലെ എട്ടു മുൻനിര ടീമുകൾ രണ്ടു ഗ്രൂപ്പുകളിലായി മാറ്റുരക്കുന്ന മത്സരം ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ് നടക്കുക.
ഗ്രൂപ് എയിൽ ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാട്, ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ, സുലൈ എഫ്.സി, റെയിൻബോ എഫ്.സി എന്നിവരും ഗ്രൂപ് ബിയിൽ ഇസ ഗ്രൂപ് അസീസിയ, ബെഞ്ച് മാർക്ക് ടെക്നോളജി റോയൽ ഫോക്കസ് ലൈൻ എഫ്.സി, റിയൽ കേരള എഫ്.സി, ലാൻറൺ എഫ്.സി എന്നീ ടീമുമാണ് മത്സരിക്കുന്നത്. ടൂർണമെൻറ് നടത്തിപ്പിനായി ചെയർമാൻ ഷമീർ കുന്നുമ്മൽ, വൈസ് ചെയർമാന്മാർ ഗഫൂർ ആനമങ്ങാട്, സെൻ ആൻറണി, കൺവീനർ നസീർ മുള്ളൂർക്കര, ജോയന്റ് കൺവീനർമാർ ജവാദ് പരിയാട്ട്, ഷഫീഖ് ബത്ഹ, സാമ്പത്തിക കൺവീനർ കാഹിം ചേളാരി, ജോയൻറ് കൺവീനർമാര്‍ മോഹന്‍ ദാസ്, പ്രസാദ് വഞ്ചിപ്പുര എന്നിവരടങ്ങുന്ന 251 അംഗ സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ സാവിയോ കാർഡോസോ (ഡയറക്ടർ ഓഫ് ഓപറേഷൻ എക്സലെൻസ് കുദു), പവിത്രൻ (കുദു റിയാദ് ഏരിയ മാനേജർ), ഗീവർഗീസ് ഇടിച്ചാണ്ടി (രക്ഷാധികാരി, കമ്മിറ്റി ആക്ടിങ് സെക്രട്ടറി, കേളി), സുരേഷ് കണ്ണപുരം (കേളി സെക്രട്ടറി), സെബിൻ ഇഖ്ബാൽ (പ്രസിഡൻറ്), ജോസഫ് ഷാജി (ട്രഷറർ), ഷമീർ കുന്നുമ്മൽ (ടൂർണമെൻറ് ചെയർമാൻ), നസീർ മുള്ളൂർക്കര (കൺവീനർ) എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.