യാംബു: സൗദിയിൽ താമസ, തൊഴിൽ, അതിർത്തിസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായ 11,774 പ്രവാസികളെ കൂടി നാടുകടത്തി. ബാക്കി 8,251 പേരെ അതത് രാജ്യക്കാരുടെ എംബസികളിലേക്ക് റഫർ ചെയ്യുകയും ചെയ്തു. അതിനിടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഈ മാസം 17 മുതൽ 23 വരെ നടത്തിയ പരിശോധനയിൽ നിയമലംഘകരായ 21,896 പേരെ പുതുതായി പിടികൂടുകയും ചെയ്തെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
താമസനിയമ ലംഘനം നടത്തിയ 11,930 പേർ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 5649 പേർ, തൊഴിൽ നിയമ ലംഘനം നടത്തിയ 3317 പേർ എന്നിങ്ങനെയാണ് അറസ്റ്റ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,374 പേർ അറസ്റ്റിലായി. ഇവരിൽ 55 ശതമാനം ഇത്യോപ്യക്കാരും 43 ശതമാനം യമനികളും രണ്ട് ശതമാനം മറ്റു രാജ്യക്കാരുമാണ്. 107 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്ത് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. മൊത്തം 4,726 പുരുഷന്മാരും 1,927 സ്ത്രീകളുമായ നിയമലംഘകരെ യാത്രാരേഖകൾ ശരിയാക്കുന്നതിന് അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫർ ചെയ്തു.
രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതര കുറ്റമാണ്. 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ മക്ക, റിയാദ് മേഖലയിൽ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിൽ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.