അൽഖോബാർ: രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ച 16,899 ഓളം പേരെ അറസ്റ്റു ചെയ്തു. ഡിസംബർ 14 മുതൽ 20 വരെ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 11,033 താമസ നിയമലംഘകരും 3,493 അതിർത്തി സുരക്ഷാചട്ട ലംഘകരും 2,373 തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്.
രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 769 പേർ പിടിയിലായി. ഇവരിൽ 39 ശതമാനം യമനികളും 58 ശതമാനം ഇത്യോപ്യക്കാരും മൂന്നു ശതമാനം മറ്റു രാജ്യക്കാരുമാണ്. 80 പേർ രാജ്യത്തു നിന്ന് പുറത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് ഗതാഗത, താമസ സൗകര്യമൊരുക്കുകയും നിയമലംഘനം മൂടിവെക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 11 പേർ അറസ്റ്റിലായി.
ആകെ 52,369 നിയമലംഘകർ നിലവിൽ നടപടികൾക്ക് വിധേയരാവുകയാണ്. അതിൽ 46,431 പുരുഷന്മാരും 5,938 സ്ത്രീകളുമാണ്. ഇവരിൽ 46,743 നിയമലംഘകരുടെ കേസുകൾ യാത്രാരേഖകൾ ലഭിക്കാൻ അവരുടെ നയതന്ത്ര കാര്യാലയങ്ങൾക്ക് കൈമാറി. 1,716 നിയമലംഘകരെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ ശിപാർശ ചെയ്തു. 9,147 നിയമലംഘകരെ നാടുകടത്തി. നുഴഞ്ഞുകയറ്റക്കാർക്ക് സൗകര്യമൊരുക്കുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.