ജീസാന്‍: ശമ്പളവും താമസരേഖയുമില്ലാതെ അഞ്ചു ഇന്ത്യക്കാര്‍ അഞ്ചുവര്‍ഷമായി ദുരിതത്തില്‍. ജീസാന്‍ നഗരത്തില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ ഫീഫ മലമുകളില്‍ സ്ഥിതിചെയ്യുന്ന ഫീഫ ജനറല്‍ ആശുപത്രിയിലെ കരാര്‍ കമ്പനിയില്‍ ജോലിചെയ്യുന്ന അഞ്ച് ഉത്തരേന്ത്യന്‍ തൊഴിലാളികളാണ് ദുരിതത്തില്‍ കഴിയുന്നത്. 2009 മാര്‍ച്ചില്‍ ബിശയിലുള്ള സ്വകാര്യ കോണ്‍ട്രാക്ടിങ് കമ്പനി വഴിയാണ് യു.പി സ്വദേശികളായ മുഹമ്മദ് ഖാലിദ് ഫാറൂഖി, മുഹമ്മദ് മുസ്തഖിന്‍ അഹ്മദ്, സര്‍ഫറാസ്, അലി അജാദ് (ബിഹാര്‍), രമേശ് കുമാര്‍ (രാജസ്താന്‍) എന്നിവര്‍ എത്തിയത്. ഇവരില്‍ രണ്ടുപേര്‍ക്ക് സ്ഥാപനം ഇഖാമ എടുത്ത് നല്‍കിയിരുന്നെങ്കിലും പിന്നീട് പുതുക്കിയില്ല. മറ്റുള്ളവര്‍ക്ക് അതും കിട്ടിയില്ല. അത്കൊണ്ട് തന്നെ ഇതുവരെ ഇവര്‍ക്ക് നാട്ടില്‍ പോകാനും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ ഇവര്‍ സ്ഥാപനത്തിനെതിരെ തൊഴില്‍ വകുപ്പില്‍ പരാതി നല്‍കി. അതോടെ സ്ഥാപനം ശമ്പളം നല്‍കാതെയായി. ആറുതവണ സ്ഥാപനത്തിന് ലേബര്‍ ഓഫീസില്‍ നിന്ന് നോട്ടീസ് അയച്ചിട്ടും സ്പോണ്‍സറോ സ്ഥാപന പ്രതിനിധികളോ ഹാജരായില്ല. തുടര്‍ന്ന് സ്ഥാപനത്തിനെതിരെ നിയമ നടപടികള്‍ ശുപാര്‍ശ ചെയ്ത് ജീസാന്‍ ലേബര്‍ കോടതിയിലേക്ക് കുറിപ്പ് അയച്ചിരിക്കുകയാണ്. പരാതികളെ തുടര്‍ന്ന് അധികൃതര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ ഈ സ്ഥാപനം ഇപ്പോള്‍ പുതിയ പേരില്‍ സ്പോണ്‍സറുടെ മക്കളാണ് നടത്തുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. പരാതി നല്‍കിയതിന് ബ്രാഞ്ച് മാനേജര്‍ നിരന്തരം പീഢിപ്പിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബന്ധുക്കള്‍ നാട്ടില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇവരെ എത്രയും വേഗം ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കോണ്‍സുലേറ്റ് അധികൃതര്‍ കമ്പനിയുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും പരിഹാരത്തിന് ഇതുവരെയും സ്ഥാപനം തയ്യാറായിട്ടില്ല. കോണ്‍സുലേറ്റ് നിര്‍ദേശപ്രകാരം സാമൂഹിക ക്ഷേമ സമിതി അംഗം എം. താഹ കഴിഞ്ഞ ദിവസം തൊഴിലാളികളെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. ജീസാന്‍ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (ജല) ജനറല്‍ സെക്രട്ടറി വെന്നിയൂര്‍ ദേവനും സഹപ്രവര്‍ത്തകരും ഇവരെ സന്ദര്‍ശിച്ച് സഹായം വഗ്ദാനം ചെയ്തു. പാസ്പോര്‍ട്ടോ തിരിച്ചറിയല്‍ രേഖകളോ കൈവശമില്ലാത്തതിനാല്‍ പുറത്തുപോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവരിപ്പോള്‍. ഭക്ഷണത്തിനും ദൈനംദിന ചെലവുകള്‍ക്കും ആശുപത്രിയിലെ ഇന്ത്യന്‍ ജീവനക്കാരും ജീസാനിലെ സാമൂഹിക പ്രവര്‍ത്തകരുമാണ് ആശ്രയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.