മക്ക ക്രെയിന്‍ അപകടം: വിപുലമായ  അന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍

മക്ക: മക്ക ഹറമില്‍ സംഭവിച്ച ക്രെയിന്‍ അപകടത്തെക്കുറിച്ച് വിപുലമായ അന്വേഷണം ആവശ്യമാണെന്ന് സൗദി പബ്ളിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഹറം വികസന പദ്ധതിയുടെ എന്‍ജിനീയറിങ് വിഭാഗത്തിന്‍െറയും ഹറം അതോറിറ്റിയുടെയും വിശദീകരണങ്ങള്‍ വളരെ സുപ്രധാനമാണ്. കരാര്‍ കമ്പനിയുടെ ഭാഗത്തുനിന്ന് സുരക്ഷാവീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
109 പേരുടെ മരണത്തിനും 238 പേരുടെ പരിക്കിനും ഇടയാക്കിയ അപകടത്തെക്കുറിച്ച് പ്രാഥമികാന്വേഷണം ഇതിനകം പൂര്‍ത്തിയായി. എന്നാല്‍ സംഭവത്തിന്‍െറ വിവിധ വശങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം അനിവാര്യമാണ്. ഹജ്ജ് സീസണ്‍ അവസാനിച്ച ശേഷമാണ് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചത്. നിര്‍മാണ രംഗത്തെ എന്‍ജിനീയറിങ് വിദഗ്ധരുടെ അഭിപ്രായം ആരായേണ്ടതുണ്ടെന്നാണ് പബ്ളിക് പ്രോസിക്യൂഷന്‍ അഭിപ്രായപ്പെട്ടത്. അപകടത്തില്‍ പെട്ടത് പോലുള്ള ഭീമന്‍ ക്രെയിന്‍ ഉപയോഗിക്കുന്നതിന്‍െറ സുരക്ഷ മാനദണ്ഡങ്ങളെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായം ആരായണം.
ശക്തമായ കാറ്റാണ് അപകടത്തിന് കാരണമായടെന്ന് വ്യക്തമാണെങ്കിലും ഇത്തരം സാഹചര്യത്തില്‍ സ്വീകരിക്കേണ്ട സുരക്ഷ മുന്‍കരുതലും പരിശോധനക്ക് വിധേയമാക്കണം. ജോലി നടക്കാത്ത സമയത്തും കാറ്റിന് സാധ്യതയുള്ളപ്പോഴും ക്രെയിനിന്‍െറ മുകള്‍ ഭാഗം അഴിച്ചുവെക്കണമെന്നതാണ് സുരക്ഷ നിര്‍ദേശത്തിലും ഓപറേഷന്‍ മാന്വലിലും പറയുന്നത്്. കൂടാതെ ചില മുന്നറിയിപ്പുകള്‍ കരാര്‍ കമ്പനിയും ക്രെയിന്‍ ഓപറേഷന്‍ കമ്പനിയും അവഗണിച്ചതായും വ്യക്തമായിട്ടുണ്ട്. ഇക്കാരണത്താലാണ് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ബാധ്യതയും കേസിലെ മുഖ്യ പ്രതിസ്ഥാനവും സൗദി ബിന്‍ ലാദന്‍ ഗ്രൂപ്പിനു മേല്‍ വന്നുചേരുന്നത്. 
അപകടത്തില്‍ മരിച്ചവര്‍ക്കും മാരകമായി പരിക്കേറ്റവര്‍ക്കും പത്ത് ലക്ഷം റിയാല്‍ വീതവും മറ്റ് പരിക്കുള്ളവര്‍ക്ക് അഞ്ച് ലക്ഷം വീതവും നല്‍കാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചിരുന്നു. പരിക്കേറ്റ് ഹജ്ജ് നിര്‍വഹിക്കാനാവാത്തവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും അടുത്ത വര്‍ഷം രാജാവിന്‍െറ അതിഥിയായി ഹജ്ജ് നിര്‍വഹിക്കാനും സൗദി സര്‍ക്കാര്‍ അവസരം ഒരുക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.