സിറിയന്‍ പ്രതിപക്ഷ ഐക്യസമ്മേളനം അടുത്തമാസം റിയാദില്‍

റിയാദ്: സിറിയയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനത്തിന് സൗദി അറേബ്യ നടപടി തുടങ്ങി. ഇതിന്‍െറ ഭാഗമായി വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്തസമ്മേളനം അടുത്ത മാസം റിയാദില്‍ വിളിച്ചു. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ളെങ്കിലും ഡിസംബര്‍ 15 ന് സമ്മേളനം നടക്കുമെന്നാണ് അറിയുന്നത്. 
ജനുവരി ഒന്നുമുതല്‍ സിറിയന്‍ സര്‍ക്കാറും പ്രതിപക്ഷവും തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ പ്രതിപക്ഷത്തിന് ഏകസ്വരമുണ്ടാക്കാന്‍ പ്രതിപക്ഷനിരയിലെ മിതവാദികളെ യോജിപ്പിലത്തെിക്കാനാണ് സൗദി ശ്രമിക്കുന്നത്. മുഴുവന്‍ പ്രതിപക്ഷ സംഘങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് യു.എന്നിലെ സൗദി അംബാസഡര്‍ അബ്ദുല്ല അല്‍ മുഅല്ലിമി ‘അല്‍ അറബിയ്യ’ ചാനലിനോട് പറഞ്ഞു. സിറിയക്കുള്ളിലും പുറത്തും പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ ഇതിന്‍െറ ഭാഗമാകും. 
സിറിയയിലെ യു.എന്‍ പ്രതിനിധി സ്റ്റെഫാന്‍ ഡി മിസ്തുരയും ഇക്കാര്യം ശരിവെച്ചു. നിര്‍ദിഷ്ട ഇടക്കാല സര്‍ക്കാറിന് ഐക്യരൂപം ഉണ്ടാക്കുന്നതിനായി ഒരു യോഗം വിളിച്ചിട്ടുണ്ടെന്ന് വിവിധ മിതവാദ ഗ്രൂപ്പുകളെ അറിയിച്ചതായി മിസ്തുര വെളിപ്പെടുത്തി. 
രണ്ടാഴ്ചക്കുള്ളില്‍ ഒരു നിര്‍ണായക സമ്മേളനം നടക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞ ദിവസം വാഷിങ്ടണില്‍ സൂചന നല്‍കിയിരുന്നു. സ്വന്തം ഭാവി നിര്‍ണയിക്കേണ്ടത് സിറിയക്കാര്‍ തന്നെയാണെന്നും അതിന് ഏതു സഹായത്തിനും അമേരിക്ക പ്രതിജ്ഞാ ബദ്ധമാണെന്നും കെറി വ്യക്തമാക്കി. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ മാസം വിയന്നയില്‍ നടന്ന യോഗങ്ങളില്‍ സിറിയന്‍ സര്‍ക്കാറും പ്രതിപക്ഷവും തമ്മില്‍ ഒൗപചാരിക ചര്‍ച്ചകള്‍ ജനുവരി ഒന്നിന് ആരംഭിക്കാമെന്ന് ധാരണയായിരുന്നു. അതിന് കളമൊരുക്കുകയാണ് സൗദി സമ്മേളനത്തിന്‍െറ ദൗത്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.