സൗദി ഓജറിലെ തൊഴിലാളികള്‍ക്ക് ജോലി വാഗ്ദാനവുമായി കമ്പനികള്‍

ജിദ്ദ: സൗദി ഓജറിലെ  തൊഴിലാളികള്‍ക്ക് ജോലി വാഗ്ദാനവുമായി മറ്റ് കമ്പനികള്‍  വന്നു തുടങ്ങി. ഇന്ത്യന്‍ കോണ്‍സുലേറ്റും സൗദി തൊഴില്‍ മന്ത്രാലയവും കൈകോര്‍ത്താണ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെ കോണ്‍സുലേറ്റില്‍ നടന്ന യോഗത്തില്‍ മക്ക മേഖല തൊഴില്‍  വകുപ്പ് മേധാവി അബ്ദുല്ല ബിന്‍ മുഹമ്മദ് ഒലയ്യാന്‍, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരായ അനന്തകുമാര്‍, കോണ്‍സല്‍ ഫഹ്മി  എന്നിവര്‍ പങ്കെടുത്തു. മൂപ്പതോളം സ്വകാര്യകമ്പനി അധികൃതരും യോഗത്തിനത്തെിയിരുന്നു. തനാസുല്‍ മാറാന്‍ തയാറുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ ലിസ്റ്റ് കോണ്‍സുലേറ്റ് അധികൃതര്‍ കമ്പനികള്‍ക്ക് കൈമാറി. ഇതിന്‍െറ അടിസ്ഥാനത്തില്‍  വിവിധ ലേബര്‍ ക്യാമ്പുകളിലത്തെി കമ്പനി അധികൃതര്‍ തൊഴിലാളികളുമായി അഭിമുഖം നടത്തി.

അതേ സമയം മലയാളികളായ തൊഴിലാളികള്‍ ജോലി മാറാന്‍ തയാറായിട്ടില്ല. സൗദി ഓജറില്‍ മികച്ച ശമ്പളവും ആനുകൂല്യങ്ങളുമായി ജോലി ചെയ്തവര്‍ക്ക് പുതിയ കമ്പനികളുടെ  വാഗ്ദാനം പരിമിതമാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. പുതിയ സാഹചര്യത്തില്‍ കമ്പനി പൂര്‍വസ്ഥിതിയിലാവുകയാണെങ്കില്‍ ഇവിടെ തുടരുകയാണ് മെച്ചമെന്ന ആലോചനയിലാണ് ഒരു വിഭാഗം. തൊഴിലാളികളുടെ രേഖകള്‍ ശരിയാക്കുന്നതിനായി മക്ക മേഖല തൊഴില്‍ മന്ത്രാലയം രാത്രി പത്ത് മണി വരെ പ്രവര്‍ത്തിക്കുന്നതായി മേഖല മേധാവി പറഞ്ഞു.

പാസ്പോര്‍ട്ട് കൈയിലില്ലാത്ത തൊഴിലാളികള്‍ക്ക് തൊഴില്‍ മന്ത്രാലയം ഇടപെട്ട് സൗദി ഓജറില്‍ നിന്ന് പാസ്പോര്‍ട്ട് ലഭ്യമാക്കും. ഇഖാമ പുതുക്കല്‍, തനാസുല്‍ മാറല്‍ എന്നിവ സൗജന്യമായി ചെയ്തുകൊടുക്കും. 22 പേര്‍ക്കാണ് നാട്ടിലേക്ക് പോകാനുള്ള രേഖകള്‍ ശരിയായതെന്ന് കോണ്‍സല്‍ അനന്തകുമാര്‍ പറഞ്ഞു. പാസ്പോര്‍ട്ട് ഓജറില്‍ ഏല്‍പിച്ചവര്‍ക്ക് അത് ലഭ്യമാക്കിയിട്ടേ പോകാന്‍ അനുവദിക്കൂ. താല്‍ക്കാലിക പാസ്പോര്‍ട്ട് അനുവദിച്ചാല്‍ തിരിച്ചു വരവിന് തടസ്സമാവും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.