18ഉം കടന്ന് ഇന്ത്യന്‍ രൂപ താഴോട്ട്

റിയാദ്: ഇന്ത്യന്‍ രൂപക്കെതിരെ സൗദി റിയാലിന്‍െറ മൂല്യത്തില്‍ വന്‍ വര്‍ധനവ്. ആഗോള വിപണിയില്‍ റിയാലിന്‍െറ മൂല്യം ഇന്നലെ 18 രൂപയും കടന്ന് മുന്നേറി. വിപണിയിലെ ഡോളറിന്‍െറ നിരക്ക് ഉയര്‍ന്നതാണ് ഗള്‍ഫ് കറന്‍സികള്‍ക്ക് വന്‍ നേട്ടം കൊയ്യാന്‍ അവസരം ഒരുക്കിയത്. രൂപക്കെതിരെ വ്യാഴാഴ്ച്ച മൂന്ന് ഘട്ടങ്ങളിലായി ഉയര്‍ന്ന സൗദി റിയാലിന്‍െറ നിരക്ക് ഉച്ചക്ക് ശേഷം 18.03 വരെ ഉയര്‍ന്നെങ്കിലും 17.99 എന്ന രണ്ടര വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വിപണി അടച്ചത്. ബുധനാഴ്ച്ച രാത്രി രാജ്യാന്തര വിപണിയില്‍ 17.75 ആയിരുന്ന സൗദി റിയാലിന് രൂപയുമായുള്ള വിനിമയത്തില്‍ വ്യാഴാഴ്ച്ച മാത്രം 25 പൈസയുടെ വര്‍ധനവാണ് ഉണ്ടായത്. 2013ല്‍ രേഖപ്പെടുത്തിയ 18.17 എന്ന സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് റിയാല്‍ വീണ്ടും കുതിപ്പ് നടത്തുന്നത്. രാജ്യാന്തര വിപണിയിലെ വിനിമയ നിരക്കിനനുസൃതമായി സൗദിയിലെ റെമിറ്റന്‍സ് സെന്‍ററുകളും ഇന്നലെ നിരക്ക് വര്‍ധിപ്പിച്ചു.
 പ്രമുഖ ബാങ്കുകളിലൊന്നായ അല്‍ജറീസയുടെ വിദേശ വിനിമയ ഇടപാട് കേന്ദ്രമായ ഫൗരിയില്‍ ഇന്നലെ രാത്രി 17.65 എന്ന നിരക്കിലാണ് രൂപയുടെ ഇടപാട് നടന്നത്. ഇന്‍ജാസ് ബാങ്കില്‍ 17.70 ഉം അല്‍റാജിയില്‍ 17.57 ഉം ആണ് വ്യാഴാഴ്ച രാത്രി ലഭിച്ച നിരക്ക്. രൂപയുടെ മൂല്യത്തില്‍ ഡോളറിന്‍െറ നിരക്ക് 67.25 രൂപയായാണ് ഉയര്‍ന്നത്. 67.06ല്‍ വിനിമയം തുടങ്ങിയ ഡോളറിന് 20 പൈസയോളം ഉയര്‍ന്നതാണ് നിരക്ക് കുറയാന്‍ കാരണം. സൗദി റിയാലിനൊപ്പം ഇതര ഗള്‍ഫ് കറന്‍സികളുടെ നിരക്കും ഗണ്യമായി ഉയര്‍ന്നു. ഖത്തര്‍ റിയാലിന്‍െറ മൂല്യം 18.54 ലേക്കും യു.എ.ഇ ദിര്‍ഹത്തിന്‍െറ നിരക്ക് 18.38 ലേക്കും ഉയര്‍ന്നു. ഒമാന്‍ റിയാലിന് 175.36, ബഹ്റൈന്‍ ദീനാറിന് 179.08 കുവൈത്ത് ദീനാറിന് 222. 31എന്നിങ്ങനെയാണ് അന്താരാഷ്ട്ര വിപണിയിലെ മറ്റ് ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കുകള്‍. റിയാലിന്‍െറ മൂല്യം ഉയര്‍ന്നത് പ്രവാസികള്‍ക്ക് താല്‍ക്കാലിക നേട്ടത്തിന് അവസരം സൃഷ്ടിച്ചിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.