മലയാളി എന്‍ജിനീയറുടെ മരണം:  പൊലീസ് അന്വേഷണം തുടുരുന്നു

റിയാദ്: ഒരാഴ്ച മുമ്പ് റിയാദിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ട മലയാളി എന്‍ജിനീയറുടെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ കൊണ്ടുപോകും. കൊല്ലം പാരിപ്പള്ളി എഴിപ്പുറം സ്വദേശി കുന്നവിള വീട്ടില്‍ പരേതനായ ഇസ്മാഈല്‍ മുന്‍ഷിയുടെ മകന്‍ മുഹമ്മദ് ഇസ്മാഈല്‍ ആസാദിന്‍െറ (47) മൃതദേഹമാണ് ഇത്തിഹാദ് എയര്‍ലൈന്‍സ് വിമാനത്തില്‍ റിയാദില്‍ നിന്ന് കൊണ്ടുപോകുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. റിയാദിലെ സ്വകാര്യ പൈപ്പ് നിര്‍മാണ കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ജീനിയറായിരുന്ന ആസാദിനെ റബുഅ ഹയ്യുല്‍ റവാബിയിലെ കമ്പനി വക താമസസ്ഥലത്തെ മുറിയില്‍ ഈ മാസം 14നാണ് കുത്തേറ്റ നിലയില്‍ കണ്ടത്. രാവിലെ കമ്പനിയില്‍ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചത്തെിയ സഹപ്രവര്‍ത്തകരാണ് മൃതദേഹം കണ്ടത്. അല്‍മനാര്‍ സ്റ്റേഷനിലെ പൊലീസുകാരാണ് സംഭവസ്ഥലത്തത്തെി മേല്‍നടപടി സ്വീകരിച്ചതും മൃതദേഹം ശുമൈസി കിങ് സഊദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയതും. കൊലയാളിയെ പിടികൂടുന്നതിനുള്ള പൊലീസ് അന്വേഷണം നടക്കുന്നത് കൊണ്ടാണ് സംഭവത്തെ കുറിച്ച് പുറംലോകത്തെ അറിയിക്കാതിരുന്നത്. ഇതിനിടെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി പൊലീസിനെ സമീപിച്ചു. പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം തുടരുകയാണ്. 
കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. 15 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ആസാദ് കുടുംബത്തെ റിയാദിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലായിരുന്നു. മറിയം ബീവിയാണ് മാതാവ്. ഭാര്യ: മുനീറ ആസാദ്. മക്കള്‍: സുരയ്യ ആസാദ് (12), സന്‍ഹാന്‍ ആഹ്മദ് (4). സഹോദരങ്ങള്‍: യൂസുഫ്, ശഹാബുദ്ദീന്‍ (റിയാദ്), ഹുസൈന്‍, ശരീഫ്, സലീമ. തിങ്കളാഴ്ച രാവിലെ 10ന് ശുമൈസി മോര്‍ച്ചറിക്ക് സമീപമുള്ള മസ്ജിദില്‍ മയ്യിത്ത് നമസ്കാരം നടക്കും. ആസാദിന്‍െറ അടുത്ത ബന്ധു ഹുസൈന്‍ അഹ്മദും നോര്‍ക സൗദി കണ്‍സള്‍ട്ടന്‍റ് ശിഹാബ് കൊട്ടുകാടുമാണ് മൃതദേഹം നാട്ടില്‍ അയക്കുന്നതിനും മറ്റുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.