വിനോദ സഞ്ചാരികള്‍ക്ക്  മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഇലക്ട്രോണിക് സ്ക്രീനുകളും 

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്സയില്‍ വിനോദ സഞ്ചാരികള്‍ക്ക്  മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന ഇലക്ട്രോണിക് സ്ക്രീനുകള്‍ സ്ഥാപിച്ചു. 
വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തി കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്‍െറ ഭാഗമായാണ് പ്രധാന ഹോട്ടലുകളിലും സ്ഥലങ്ങളിലും ഇത്തരം ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതെന്ന് അല്‍അഹ്സ നാഷണല്‍ ഹെറിറ്റേജ് ആന്‍റ് ടൂറിസം വകുപ്പ് മേധാവി ഖാലിദ് ബിന്‍ അഹ്മദ് അല്‍ഫരീദ് അഭിപ്രായപ്പെട്ടു. 
പ്രവിശ്യയില്‍ മുന്‍ പരിചയമില്ലാത്ത സഞ്ചാരികള്‍ക്ക് പ്രയോജനപ്രദമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന തരത്തിലാണ് ഈ നൂതന സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഹസ മേഖലയിലെ മുഖ്യ ആകര്‍ഷക കേന്ദ്രങ്ങളെക്കുറിച്ച് പരിചയപ്പെടുത്തുന്ന ലഘു വിവരണങ്ങളാണ് ലളിതമായി ഉപയോഗിക്കാവുന്ന ഈ ഉപകരണത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. 
വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, മേളകള്‍, കലാ-സാംസ്കാരിക വിനോദ ഉത്സവങ്ങള്‍,  ചരിത്ര പൈതൃക സ്ഥലങ്ങള്‍ എന്നിവയുടെ സചിത്ര വിവരണമാണ് സന്ദര്‍ശകര്‍ക്ക് മുമ്പില്‍ തെളിയുക. ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, ഹെല്‍പ് ലൈന്‍ സെന്‍ററുകള്‍ എന്നിവയുടെ ഫോണ്‍ നമ്പറുകളും ലഭ്യമാണ്.
അല്‍ഉഖൈര്‍ കടലോര പ്രദേശങ്ങള്‍, ജവാസ പള്ളി, ഇബ്രാഹിം പാലസ്, ഉഖൈര്‍ പോര്‍ട്ട്, ജബല്‍ ഖാറ, യെല്ളോ ലേക്ക് തുടങ്ങിയ നിരവധി ചരിത്ര പൈതൃക സ്ഥലങ്ങളും സന്ദര്‍ശക കേന്ദ്രങ്ങളും  ഉള്‍ക്കൊള്ളുന്നതാണ് ഹസ മേഖല. 
വരുന്ന ജനുവരിയില്‍ പരിഗണിക്കാനിരിക്കുന്ന യുനെസ്കോ പൈതൃക പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതോടെ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 
കഴിഞ്ഞ വിനോദ സഞ്ചാര സീസണില്‍ 70 ലക്ഷം സഞ്ചാരികളാണ് കിഴക്കന്‍ പ്രവിശ്യ സന്ദര്‍ശിച്ചത്. ഇതോടനുബന്ധിച്ചുള്ള വാര്‍ഷിക വരവ് 13  ബില്യണ്‍ റിയാല്‍ കവിയും. ഹസ മ്യൂസിയം, റെയില്‍വേ സ്റ്റേഷന്‍, ഇന്‍റര്‍കോണ്ടിനെന്‍റല്‍ ഹോട്ടല്‍ തുടങ്ങി 19 ഓളം സ്ഥലങ്ങളിലാണ് ആദ്യ ഘട്ടമെന്ന നിലയില്‍ ഇലക്ട്രോണിക് സ്ക്രീനുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.