മക്ക ക്രെയ്ന്‍ അപകടം; കേസ് തള്ളി

ജിദ്ദ: 111 പേര്‍ കൊല്ലപ്പെട്ട മക്ക ഹറമിലെ ക്രെയ്ന്‍ അപകട കേസ് കോടതി തള്ളി. മക്കയിലെ ക്രിമിനല്‍ കോടതിയാണ് തങ്ങളുടെ പരിഗണനാവിഷയ പരിധിക്ക് പുറത്തുള്ള സംഭവമാണെന്ന് ചൂണ്ടിക്കാട്ടി കേസ് ഒഴിവാക്കിയത്. ഇതുസംബന്ധിച്ച പ്രതിഭാഗത്തിന്‍െറ വാദം കോടതി അംഗീകരിക്കുകയായിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് പബ്ളിക് പ്രോസിക്യൂഷന്‍. 
2015 സെപ്റ്റംബര്‍ 11 നാണ് ഹറമിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ചിരുന്ന കൂറ്റന്‍ ക്രെയ്നുകളിലൊന്ന് തകര്‍ന്നുവീണത്. അപകടത്തില്‍ 111 പേര്‍ മരിക്കുകയും 400 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സൗദി ബിന്‍ ലാദിന്‍ കമ്പനിയാണ് ഹറം നവീകരണത്തിന്‍െറ ചുമതല വഹിച്ചിരുന്നത്. കമ്പനി അധികൃതരും ഉദ്യോഗസ്ഥരും അടക്കം 13 പേരായിരുന്നു പ്രതിപ്പട്ടികയില്‍. ഇവരുടെ സാന്നിധ്യത്തിലാണ് കോടതി വ്യാഴാഴ്ച വിധി പ്രഖ്യാപിച്ചത്. മൂന്നംഗ ബെഞ്ചിന്‍െറ ഭൂരിപക്ഷ വിധിയായിരുന്നു. രണ്ടു ജഡ്ജിമാര്‍ കേസ് തള്ളുന്നതിനെ അനുകൂലിച്ചപ്പോള്‍ ഒരാള്‍ എതിര്‍ത്തു. രാജ കല്‍പന ഉള്ളതുകൊണ്ടുതന്നെ അധികാര പരിധിയുടെ ന്യായം നോക്കാതെ ക്രിമിനല്‍ കോടതിക്ക് കേസ് പരിഗണിക്കാമെന്നായിരുന്നു മൂന്നാമന്‍െറ വാദം. അസാധാരണവും അപ്രവചനീയവുമായ കാലാവസ്ഥ മാറ്റം കാരണമാണ് ക്രെയ്ന്‍ വീണതെന്നായിരുന്നു വിചാരണ ഘട്ടത്തില്‍ ബിന്‍ലാദിന്‍ കമ്പനി വാദിച്ചിരുന്നത്. അപകട ദിവസം കനത്തകാറ്റും മഴയുമായിരുന്നു.  ക്രെയ്ന്‍ വീണ സമയത്തെ ഒരുമണിക്കൂറിനുള്ളില്‍ മാത്രം 50 ലേറെ ഇടിമിന്നലുകള്‍ മക്കയില്‍ ഉണ്ടായി. കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് 45 ഡിഗ്രി ഉണ്ടായിരുന്ന താപനില ഒറ്റയടിക്ക് 21 ഡിഗ്രിയിലേക്ക് താഴ്ന്നു. സിവില്‍ ഡിഫന്‍സിന്‍െറ കണക്കുകള്‍ പ്രകാരം കുറഞ്ഞ സമയത്തിനുള്ളില്‍ 40 മില്ലിമീറ്ററിന്‍െറ മഴയും ഉണ്ടായി.  എന്നാല്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകടത്തിലേക്ക് വഴിതുറന്നതെന്ന് പബ്ളിക് പ്രോസിക്യൂഷന്‍ വാദിച്ചു. ഇതുസംബന്ധിച്ച നിരവധി മുന്നറിയിപ്പുകള്‍ കമ്പനി അവഗണിച്ചു. അതുകൊണ്ട് തന്നെ അപകടത്തിന്‍െറ ഉത്തരവാദിത്തില്‍ നിന്ന് ബിന്‍ ലാദിന്‍ കമ്പനിക്ക് ഒഴിയാനാകില്ളെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത്രയും വിചാരണ നടപടികള്‍ പുരോഗമിച്ച ശേഷമാണ് അധികാര പരിധിയുടെ കാരണത്താല്‍ കോടതി കേസ് തള്ളിയത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.