ദമ്മാം: സൗദിയിലെ പ്രമുഖ പ്രവാസി സംഘടനയായ നവോദയ സാംസ്കാരിക വേദി രൂപവത്കരണത്തിെൻറ 20ാം വാർഷികത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2001 സെപ്റ്റംബർ 21ന് കിഴക്കൻ പ്രവിശ്യയിൽ രൂപവത്കൃതമായ നവോദയ 20ാം വാർഷികത്തിെൻറ ഭാഗമായി വിപുലമായ പരിപാടികളാണ് സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഒരുക്കുന്നത്. നവോദയയുടെ വിവിധ വകുപ്പുകളായ സാമൂഹിക ക്ഷേമം, സാംസ്കാരികം, കായികം, വനിതാവേദി, ബാലവേദി, മീഡിയ, കേന്ദ്ര കുടുംബ വേദി എന്നിവയുടെ നേതൃത്വത്തിൽ ഏരിയ, യൂനിറ്റ് തലങ്ങളിൽ നിരവധി പരിപാടികളാണ് ആവിഷ്കരിക്കുന്നത്.
ആദ്യപടിയായി ദമ്മാം റീജനൽ ലബോറട്ടറിയും രക്തബാങ്കുമായി സഹകരിച്ച് ഫെബ്രുവരി അഞ്ച് മുതൽ ഏപ്രിൽ ഒമ്പത് വരെ കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിലായി അഞ്ച് രക്തദാന ക്യാമ്പുകളാണ് ഒരുക്കുന്നത്. ഓരോ ക്യാമ്പിലും 200 യൂനിറ്റിൽ കുറയാത്ത രക്തം നൽകാനാണ് താൽപര്യപ്പെടുന്നത്. നവോദയ പ്രവർത്തകർക്ക് പുറമെ രക്തം ദാനം ചെയ്യാൻ താൽപര്യമുള്ള എല്ലാ ഇന്ത്യക്കാർക്കും ഈ പരിപാടിയിൽ ഭാഗഭാക്കാവാം. ഗൂഗ്ൾ രജിസ്ട്രേഷൻ ഫോറം പൂരിപ്പിച്ച് നേരേത്ത തന്നെ അവസരം ഉറപ്പിക്കാവുന്നതോടൊപ്പം വിവിധ ഇടങ്ങളിലെ രക്തദാന ക്യാമ്പുകളിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ രക്തത്തിെൻറ ആവശ്യകത വർധിച്ച സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് 'രക്തം നൽകൂ ജീവൻ രക്ഷിക്കൂ' സന്ദേശം ഉയർത്തി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
ക്യാമ്പ് സംഘടിപ്പിക്കുന്നതിന് ദാർ അസ്സിഹ മെഡിക്കൽ സെൻററാണ് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ചെയ്ത് നൽകുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് നടത്തുന്ന ക്യാമ്പുകളിൽ പങ്കാളികളാകാൻ എല്ലാ മലയാളി പ്രവാസികളും തയാറാവണമെന്ന് ഭാരവാഹികൾ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴിന് ദമ്മാം സെൻട്രൽ ആശുപത്രിയിൽ രക്തദാന ക്യാമ്പിന് തുടക്കമായി. ഫെബ്രുവരി 19ന് രാവിലെ ഏഴു മുതൽ ഖത്തീഫ് ബദർ അൽറബി ആശുപത്രിയിലും മാർച്ച് അഞ്ചിന് രാവിലെ ഏഴു മുതൽ ദമ്മാം 91ലെ റാം ക്ലിനിക്കിലും മാർച്ച് 26ന് രാവിലെ ഏഴു മുതൽ ഖോബാർ റഫ ക്ലിനിക്കിലും ഏപ്രിൽ ഒമ്പതിന് രാവിലെ ഏഴു മുതൽ ദമ്മാം ബദർ അൽറാബി മെഡിക്കൽ സെൻററിലുമാണ് ബാക്കി രക്തദാന ക്യാമ്പുകൾ. കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ പവനൻ മൂലക്കൽ, ഇ.എം. കബീർ, നൗഷാദ്, റഹിം, രശ്മി രാമചന്ദ്രൻ, ദാർ അസ്സിഹ ഡയറക്ടർ അഫ്നാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.