യാംബു: ഗസ്സയിലെ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സൗദി അറേബ്യ നാലുകോടി ഡോളർ കൂടി പ്രഖ്യാപിച്ചു. അഭയാർഥികളുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും പിന്തുണ നൽകുന്ന യു.എൻ ഏജൻസിക്കാണ് (യു.എൻ.ആർ.ഡബ്ല്യു.എ) ധനസഹായം. സൗദി സഹായ ഏജൻസിയായ കെ.എസ്. റിലീഫ് സെൻററാണ് ധനസഹായം നൽകുന്നത്. രണ്ടര ലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷണവും 20,000 കുടുംബങ്ങൾക്ക് താമസിക്കാൻ ടെൻറ് നിർമിക്കാനും സൗദിയുടെ ഫണ്ട് വിനിയോഗിക്കുമെന്ന് ഏജൻസി വൃത്തങ്ങൾ അറിയിച്ചു. സാമ്പത്തിക സഹായ കരാറിൽ കെ.എസ് റിലീഫ് സെൻറർ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅയും യു.എൻ.ആർ.ഡബ്ല്യു.എ കമീഷണർ ജനറൽ ഫിലിപ്പ് ലസാരിനിയും വിഡിയോ കോൺഫറൻസ് വഴി ഒപ്പുവെച്ചു.
അഞ്ച് മാസത്തിലേറെയായി നടക്കുന്ന ഇസ്രായേൽ അക്രമണങ്ങളിൽ ജീവിതം ദുസ്സഹമായ ഗസ്സയിലെ ഫലസ്തീനികൾക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കാനും ഫലസ്തീനികളുടെ ഭക്ഷ്യസുരക്ഷയെ പിന്തുണക്കാനുമാണ് ഈ ധനസഹായം. ഫലസ്തീനികളെ സഹായിക്കുക എന്നത് സൗദിയുടെ പ്രഖ്യാപിത നയമാണെന്ന് കെ.എസ് റിലീഫ് അധികൃതർ അറിയിച്ചു. ഫലസ്തീനികളോടുള്ള സൗദിയുടെ ഐക്യദാർഢ്യമാണ് പ്രതിഫലിക്കുന്നതെന്ന് യു.എൻ.ആർ.ഡബ്ല്യു.എ അധികൃതർ പ്രതികരിച്ചു. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ ഇരകളായ 2,00,190 ആളുകൾക്കും കുടുംബങ്ങൾക്കും താമസിക്കാൻ കൂടാരങ്ങളും ഭക്ഷ്യേതര സാമഗ്രികളും 2,50,638 ആളുകൾക്ക് മറ്റ് അത്യാവശ്യ വസ്തുക്കളും എത്തിക്കാനും സൗദിയുടെ ധനസഹായം ഉപകരിക്കും. 1949ൽ സ്ഥാപിതമായ യു.എൻ.ആർ.ഡബ്ല്യു.എ ഫലസ്തീൻ അഭയാർഥികൾക്ക് വിദ്യാഭ്യാസം, സാമൂഹിക സേവനങ്ങൾ, അടിയന്തര സഹായം എന്നിവ നിലവിൽ നൽകിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.