റിയാദ്: വരുംവർഷങ്ങളിൽ സൗദി അറേബ്യയിൽ പാർപ്പിട പ്രാന്തപ്രദേശങ്ങളുടെ നിർമാണം വിപുലീകരിക്കുമെന്ന് മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രി മാജിദ് ബിൻ അബ്ദുല്ല അൽഹുഖൈൽ പറഞ്ഞു. ‘ഭാവിയിലെ ഭവനനിർമാണം’ തലക്കെട്ടിൽ റിയാദിൽ ആരംഭിച്ച ‘സിറ്റിസ്കേപ് ഇന്റനാഷനൽ’ പ്രദർശനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
6500 റിയാലിലേറെ മൂല്യമുള്ള നിരവധി പദ്ധതികൾ ആരംഭിക്കും. ലോകത്തെ എല്ലാ രാജ്യങ്ങളുടെയും വേഗതയെ മറികടക്കുന്ന നഗര വളർച്ചക്ക് സൗദി അറേബ്യ സാക്ഷ്യംവഹിച്ചുവെന്നും മന്ത്രി പറഞ്ഞു.
‘വിഷൻ 2030’ കൈവരിക്കുന്നതിന് നഗരവളർച്ചക്ക് വലിയ പങ്കുണ്ട്. അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ പങ്കാളിത്തത്തോടെ രാജ്യത്തുടനീളം പാർപ്പിട പ്രാന്തപ്രദേശങ്ങളുടെ നിർമാണത്തിൽ വരും വർഷങ്ങളിൽ വിപുലീകരണത്തിന് സാക്ഷ്യംവഹിക്കും.
ഭവനമേഖലയുടെ വികസനത്തിലും വികസനപ്രക്രിയയിലും പുരോഗതി കൈവരിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി പ്രസ്താവിച്ചു. നിക്ഷേപത്തിനും വിവിധ ധനസഹായ ഓപ്ഷനുകൾക്കും അനുകൂലമായ നിയമനിർമാണങ്ങളും എണ്ണയിതര ജി.ഡി.പിയിലേക്കുള്ള റിയൽ എസ്റ്റേറ്റ് വായ്പകളുടെ സംഭാവനയുടെ ശതമാനം എക്കാലത്തെയും ഉയർന്ന നിലയിലേക്ക് വർധിപ്പിക്കുന്നതിന് കാരണമായി.
‘സിറ്റിസ്കേപ്’ പ്രദർശനമേള ഗുണപരമായ പദ്ധതികൾ ആരംഭിക്കുന്നതിനും പങ്കാളിത്തം സജീവമാക്കുന്നതിനുള്ള നിരവധി കരാറുകളിൽ ഒപ്പുവെക്കുന്നതിനും സാക്ഷ്യം വഹിക്കുമെന്നും മന്ത്രി പറഞ്ഞു. റിയാദിന് വടക്ക് മൽഹമിലുള്ള റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് സിറ്റിസ്കേപ് പ്രദർശനം ആരംഭിച്ചത്. നാലു ദിവസം നീണ്ടുനിൽക്കും.
നിരവധി ഉദ്യോഗസ്ഥരുടെയും റിയൽ എസ്റ്റേറ്റ്, ബാങ്കിങ് മേഖലകളിലെ മേധാവികളുടെയും സാന്നിധ്യത്തിലാണ് പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ‘സിറ്റിസ്കേപ് ഇൻറർനാഷനൽ’ റിയൽ എസ്റ്റേറ്റ് മേഖലയിലെ സംഭവവികാസങ്ങൾ അവലോകനം ചെയ്യുന്നതിനും ഡയലോഗ് സെഷനുകളിലൂടെയും പ്രത്യേക ശിൽപശാലകളിലൂടെയും വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനുമുള്ള പ്രധാന ഇവൻറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.