അബൂദബി: തലസ്ഥാനത്തെ ഫാൽക്കൻ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുടെ ഇരുപതാം വാർഷികം ആഘോഷിച്ചു. ലോകത്തെ ഏറ്റവും വലിയ ഫാൽക്കൻ ആശുപത്രിയാണിത്. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനാണ് അറേബ്യൻ സംസ്കാരത്തിെൻറ അടയാളമായ ഫാൽക്കൻ പക്ഷികൾക്കായി സൂപ്പർ സ്പെഷാലിറ്റി ആശുപത്രി ആരംഭിച്ചത്. ആശുപത്രി തുറന്ന ശേഷം ഇതുവരെ ചികിത്സ നൽകിയത് 1,10,000 ഫാൽക്കനുകൾക്കാണ്.
ആരംഭിച്ച കാലം മുതൽ ഗൾഫ് മേഖലയിലെ ഏറ്റവും മികച്ചതും പ്രശസ്തവുമായ ഫാൽക്കൺ ആശുപത്രികളിലൊന്നാണിത്. ലോകത്തെ ഏറ്റവും വലിയ ഫാൽക്കൻ ആശുപത്രിയായും ലോകമെമ്പാടുമുള്ള ഫാൽക്കൻ മെഡിസിൻ കേന്ദ്രമായും ഈ ആശുപത്രി അറിയപ്പെടുന്നു. ഫാൽക്കൻ ശിക്ഷണം, അവബോധം, പരിശീലനം, ഗവേഷണം എന്നിവ നടത്തുന്ന ഗൾഫിലെ മികച്ച കേന്ദ്രമാണെന്നതും പ്രത്യേകതയാണ്.
എമിറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായതോടെ യൂറോപ്യൻ ടൂറിസ്റ്റുകൾ ഈ ആശുപത്രിയുടെ കൗതുകം തേടിയെത്തുന്നു. മികച്ച ടൂറിസം പ്രോഗ്രാം, സേവന നിലവാരം, ബിസിനസ് അന്തസ്സ് എന്നിവക്ക് അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഈ ആശുപത്രിയിൽ യു.എ.ഇയുടെ ദേശീയ പക്ഷിയായ ഫാൽക്കന്‍ ഹൈടെക് ചികിത്സാ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
1999ൽ പ്രമുഖ ജർമൻ വെറ്ററിനറി സർജെനയാണ് ശൈഖ് സായിദ് ബിൻ സുൽത്താൻ ഇവിടെ നിയോഗിച്ചത്. എയർ കണ്ടീഷൻ ചെയ്ത ചികിത്സാ മുറികളിലായി ഓരോ വർഷവും 6,000 പക്ഷികൾ വന്നുപോകുന്നു. ഫാൽക്കൻറി എന്ന കായിക വിനോദത്തിന് ഇമറാത്തികൾക്കിടയിൽ ആഴത്തിലുള്ള വേരോട്ടമുണ്ടെന്ന് മനസ്സിലാക്കുന്നതുവരെ ഫാൽക്കൻ ആശുപത്രിയെന്നു കേട്ടാൽ വിചിത്രമായി തോന്നാം. ഫാൽക്കെൻറ ഒരു തൂവൽ പോലും നഷ്ടപ്പെട്ടാൽ പറക്കുമ്പോൾ ബാലൻസ് പ്രശ്നങ്ങൾ അനുഭവിക്കും. അതിനാൽ ഫാൽക്കൻ ഉടമകൾ പതിവായ പരിശോധനകൾക്കും ചികിത്സകൾക്കും തൂവൽ പകരം വെക്കാനുമായി ആശുപത്രിയിൽ എത്തിക്കുന്നു. 2007 മുതൽ ആശുപത്രിയോടനുബന്ധിച്ച് പെറ്റ് കെയർ സെൻററും ആരംഭിച്ചു.
വീടുകളിൽ വളർത്തുന്ന നായ്ക്കൾക്കും പൂച്ചകൾക്കും വി.ഐ.പി ബോർഡിങ് കൂടുകളൊരുക്കിയാണ് അവധിക്കു പോകുന്നവരുടെ വളർത്തുമൃഗങ്ങളെ ഇവിടെ സുരക്ഷിതമായി സംരക്ഷിക്കുന്നത്. ഇരുപതാം വാർഷികാഘോഷത്തിെൻറ ഭാഗമായി അഹല്യ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് ആശുപത്രി ജീവനക്കാർക്കായി രക്തദാന കാമ്പയിനും സംഘടിപ്പിച്ചു. വാർഷികാഘോഷം ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മാർഗിറ്റ് മുള്ളർ ഉദ്ഘാടനം ചെയ്തു. അസി. മാനേജിങ് ഡയറക്ടർ ഡോ. വിവു ബോസ്, അഹല്യ സി.എസ്.ആർ മാനേജർ ശ്രേയ ഗോപാൽ, മാനേജർ സൂരജ്, ഫാൽക്കൻ ആശുപത്രിയിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.