റിയാദ്: എയർ ഇന്ത്യയുടെ റിയാദിൽ നിന്ന് കൊച്ചിയിലേക്കും മുംബൈയിലേക്കുമുള്ള സർവീസുകൾ മുടങ്ങി. മലയാളി കുടുംബ ങ്ങളടക്കം 300ഒാളം യാത്രക്കാർ റിയാദിൽ കുടുങ്ങിക്കിടക്കുന്നു. ഞായറാഴ്ച വൈകീട്ട് 3.45ന് പുറപ്പെടേണ്ടിയിരുന്ന 924ാം നമ്പർ കൊച്ചി വിമാനമാണ് എൻജിൻ തകരാർ മൂലം മുടങ്ങിയത്. കൊച്ചിയിൽ പോയി വീണ്ടും റിയാദിൽ തിരിച്ചെത്തി തിങ്കളാ ഴ്ച രാവിലെ 6.30ന് മുംബൈയിലേക്ക് പോകാൻ ഷെഡ്യൂൾ ചെയ്തിരുന്നതും ഇതേ വിമാനമായതിനാൽ തുടർന്ന് ആ സർവീസും മുടങ്ങുകയായിരുന്നു. ഇതോടെ കൊച്ചിയിലേക്കുള്ള 156ഉം മുംബൈയിലേക്കുള്ള 155ഉം യാത്രക്കാർ പ്രതിസന്ധിയിലായി. തിങ്കളാഴ്ച ഉച്ചയോടെ മുംബൈയിൽ നിന്ന് എൻജിനീയർമാരുടെ സംഘമെത്തി തകരാർ പരിഹരിക്കാനുള്ള ശ്രമം നടത്തുകയാണ്. പരിഹരിച്ചാൽ രാത്രിയോടെ കൊച്ചിയിലേക്ക് പോകുമെന്ന് എയർപോർട്ടിലെ എയർ ഇന്ത്യ ഡ്യൂട്ടി മാനേജർ സിറാജുദ്ദീൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മറ്റൊരു വിമാനത്തിൽ മുംബൈ യാത്രക്കാരെയും അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ രാത്രി വൈകിയും തകരാർ പരിഹരിക്കാനായിട്ടില്ല. യാത്രക്കാർ ഹോട്ടലിൽ തന്നെ തുടരുകയാണ്. കൊച്ചിയാത്രക്കാരിൽ പകുതിയിലേറെയും കുടുംബങ്ങളാണ്. അവധി കഴിഞ്ഞ് വിദ്യാലയങ്ങളിലേക്ക് മടങ്ങുന്നവരും പരീക്ഷയെഴുതാൻ പോകുന്നവരുമായ വിദ്യാർഥികളും രോഗികളും ഗർഭിണികളും സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞവരും ഉറ്റബന്ധുവിെൻറ മരണമറിഞ്ഞു പോകുന്നവരും കൂട്ടത്തിലുണ്ട്. ഞായറാഴ്ച 3.45ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ അതിലും ഒരു മണിക്കൂർ വൈകിയാണ് യാത്രക്കാരെ കയറ്റിയത്. ശേഷം അഞ്ച് മണിക്കൂർ വിമാനത്തിൽ ഇരുത്തി. എൻജിൻ തകരാറാണെന്നും യാത്ര ചെയ്യാനാവില്ലെന്നും പറഞ്ഞ് പിന്നീട് തിരിച്ചിറക്കുകയായിരുന്നു. അർദ്ധരാത്രി 12ഒാടെ റിയാദ് നസീമിലെ അൽമൻസൂർ ഹോട്ടലിലേക്ക് മാറ്റി. അഞ്ച് മണിക്കൂർ കുടിവെള്ളം പോലും തരാതെ വിമാനത്തിൽ ഇരുത്തിയത് ദുരിതമേറ്റിയെന്നും എന്നാൽ ഹോട്ടലിലെത്തിയ ശേഷം ബുദ്ധിമുട്ടുകളൊന്നുമുണ്ടായില്ലെന്നും ഭക്ഷണവും കിടക്കാനുള്ള സൗകര്യവും ലഭിച്ചെന്നും യാത്രക്കാരിയായ റിയാദിലെ ശ്രീലങ്കൻ ഇൻറർനാഷനൽ സ്കൂൾ അധ്യാപിക തൃശൂർ വലപ്പാട് സ്വദേശി ഷിമിന ആഷിഖ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
തിങ്കളാഴ്ചയിലെ ബി.കോം രണ്ടാം വർഷ ഇംഗ്ലീഷ് പരീക്ഷ എഴുതാൻ പുറപ്പെട്ട കൊല്ലം പള്ളിമുക്ക് സ്വദേശിനി ഷിബിന ബഷീറിന് നഷ്ടപ്പെട്ടത് പരീക്ഷയാണ്. കൊല്ലം ശ്രീനാരായണ കോളജ് ഒാഫ-് ടെക്നോളജിയിൽ വിദ്യാർഥിയായ ഷിബിന അവധിക്ക് റിയാദിലെ മാതാപിതാക്കളുടെ അടുത്തെത്തിയതായിരുന്നു. തിങ്കളാഴ്ച രാവിലെ 6.30നുള്ള വിമാനത്തിൽ പുറപ്പെടാൻ പുലർച്ചെ തന്നെ വിമാനത്താവളത്തിലെത്തിയ മുംബൈ യാത്രക്കാരെയും പിന്നീട് ഹോട്ടലിലേക്ക് മാറ്റി. മുംബൈയിൽ നിന്ന് കണക്ഷൻ വിമാനങ്ങളിൽ കേരളമടക്കം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് പോകാൻ ടിക്കറ്റെടുത്തവരാണ് ഇവർ. മലയാളികളും ധാരാളമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.