റിയാദ്: വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്ന വിമാന യാത്രക്കാർ യാത്രക്കുമുമ്പ് എയർ സുവിധ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന കേന്ദ്ര സർക്കാർ പിൻവലിച്ചു. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണിത്. ഇന്നു മുതൽ വിദേശത്തുനിന്ന് വരുന്നവർ എയർ സുവിധയിലെ ഫോം പൂരിപ്പിച്ചുനൽകേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
രണ്ടു വർഷം മുമ്പ് കോവിഡ് മഹാമാരി പടർന്നുപിടിച്ച സമയത്താണ് വിദേശത്തുനിന്ന് വരുന്നവർ എയർ സുവിധ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെന്ന് കഴിഞ്ഞാഴ്ച വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. അതേസമയം, വിമാനത്താവളത്തിൽ യാത്രക്കാർ ശാരീരിക അകലം പാലിക്കണമെന്നും താപ പരിശോധന നടത്തണമെന്നും ഉത്തരവിൽ പറയുന്നു. രോഗലക്ഷണമുണ്ടെന്ന് കണ്ടാൽ ഉടനെ മാറ്റിനിർത്തി വിദഗ്ധ പരിശോധന നടത്തും. യാത്രക്കാർ ആരോഗ്യസ്ഥിതി സ്വയം പരിശോധിക്കണം. രോഗ സംശയമുണ്ടെങ്കിൽ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലോ ദേശീയ ഹെൽപ് ലൈൻ നമ്പറായ 1075ലോ സംസ്ഥാന ഹെൽപ് ലൈൻ നമ്പറിലോ അറിയിക്കണം.
എയർ സുവിധ രജിസ്ട്രേഷൻ ഒഴിവാക്കിയത് പ്രവാസികൾക്ക് വലിയ ആശ്വാസമായി. വാക്സിനെടുക്കാത്തവർ പി.സി.ആർ ഫലവും സുവിധയിൽ നൽകണമെന്ന് നിബന്ധനയുണ്ടായിരുന്നു. എന്നാൽ, രേഖകൾ സമർപ്പിച്ചാലും അപ്രൂവൽ ലഭിക്കാത്തത് യാത്രക്കാരെ വലച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.