ജിദ്ദ: കഴിഞ്ഞ വർഷം സൗദിയിലെ മുഴുവൻ വിമാനത്താവളങ്ങളിലും ആഭ്യന്തര, അന്തർദേശീയ വിമാന സർവിസുകളുടെ എണ്ണത്തിൽ ഏറെ വർധനയുണ്ടായതായി എയർ ട്രാഫിക് സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ച് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. 2020നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഏകദേശം 497 സർവിസുകൾ വർധിച്ചിട്ടുണ്ട്. മൊത്തത്തിൽ 43 ശതമാനം വർധനയാണ് വ്യോമഗതാഗത രംഗത്ത് കാണിക്കുന്നത്. കഴിഞ്ഞ വർഷം ഏകദേശം 4.9 കോടി ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരാണ് രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലൂടെയും യാത്ര ചെയ്തത്. 2020നെ അപേക്ഷിച്ച് മൊത്തം യാത്രക്കാരിൽ 30 ശതമാനം വർധനയുണ്ടായിട്ടുണ്ട്. ആഭ്യന്തര യാത്രക്കാരുടെ എണ്ണം 45 ശതമാനം വർധനയോടെ 3.5 കോടിയാണ്. അന്താരാഷ്ട്ര വിമാനങ്ങളിൽ നാലു ശതമാനം വർധനയോടെ 1.4 കോടി പേർ യാത്ര ചെയ്തു.
മൊത്തം യാത്രക്കാരിൽ 81.6 ശതമാനം പേരും സൗദി എയർലൈൻസ് (സൗദിയ) വിമാനത്തിലാണ് യാത്ര ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം വരവും തിരിച്ചുപോകലുമായി 1,26,000 അന്താരാഷ്ട്ര വിമാനങ്ങളാണ് രാജ്യത്ത് സർവിസ് നടത്തിയത്. മുൻവർഷത്തേക്കാൾ 20 ശതമാനം വർധനയാണിത്. ആഭ്യന്തര വിമാനങ്ങൾ 3,71,000 സർവിസുകളും നടത്തിയിട്ടുണ്ട്. ആഭ്യന്തര വിമാന സർവിസുകളുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 53 ശതമാനം വർധനയുണ്ട്. റിയാദിലെ കിങ് ഖാലിദ് ഇന്റർനാഷനൽ വിമാനത്താവളമാണ് യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത്.
മൊത്തം വിമാന സർവിസുകളുടെ എണ്ണത്തിൽ 33 ശതമാനവും റിയാദ് വഴിയായിരുന്നു. 26 ശതമാനവുമായി ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളമാണ് രണ്ടാം സ്ഥാനത്ത്. ദമ്മാം കിങ് ഫഹദ് ഇന്റർനാഷനൽ വിമാനത്താവളം 13 ശതമാനവുമായി മൂന്നാം സ്ഥാനത്തുമുണ്ട്.കഴിഞ്ഞ വർഷത്തേക്കാൾ 53 ശതമാനം വർധനയോടെ വിമാന ചരക്ക് ഗതാഗതം 5,01,000 ടണ്ണായി ഉയർന്നതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ ഏകദേശം 79,000 ടൺ ആഭ്യന്തര ചരക്ക് ഗതാഗതമാണ്. 54 ശതമാനം വർധനയാണ് ആഭ്യന്തര ചരക്ക് ഗതാഗതത്തിൽ ഉണ്ടായിരിക്കുന്നത്. മൊത്തം ചരക്ക് ഗതാഗതത്തിൽ 3,60,000 ടൺ സൗദിയ വിമാനങ്ങൾ വഴിയും 2,20,000 ടൺ വിദേശ വിമാനങ്ങൾ വഴിയുമാണ് സർവിസ് നടത്തിയത്. 2021ൽ മാത്രം 13,200 കപ്പൽ സർവിസുകൾ രാജ്യത്തെ വിവിധ തുറമുഖങ്ങളിലൂടെ നടത്തി. മുൻവർഷത്തേക്കാൾ ഏഴു ശതമാനമാണ് വർധന. തുറമുഖങ്ങളിലൂടെയുള്ള യാത്രക്കാരുടെ എണ്ണം 33 ശതമാനം വർധിച്ച് 6,52,000ത്തിൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.