സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ

ബാഹ്യ സമ്മർദങ്ങൾ സൗദി അറേബ്യയെ ബാധിക്കില്ലെന്ന്​ കിരീടാവകാശി

ജിദ്ദ: ബാഹ്യ സമ്മർദങ്ങൾ സൗദി അറേബ്യയെ ഒരുതരത്തിലും ബാധിക്കി​ല്ലെന്ന്​ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ. അമേരിക്കൻ മാസികയായ അറ്റ്​ലാൻറിക്കിന്​​ നൽകിയ അഭിമുഖത്തിലാണ്​ കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്​.

രാജ്യത്തിന്‍റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ ആർക്കും അവകാശമില്ല. ഇത്​ സൗദിയുടെ കാര്യമാണ്​. അമേരിക്കയുമായി നീണ്ട ചരിത്രപരമായ ബന്ധമാണ്​ ഞങ്ങൾക്കുള്ളത്​. അത് നിലനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഞങ്ങൾക്ക് രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ, പ്രതിരോധ, വ്യാപാര താൽപര്യങ്ങളുണ്ട്. ഈ കാര്യങ്ങളെല്ലാം ബൂസ്റ്റ് ചെയ്യാനുള്ള വലിയൊരു അവസരവും നമുക്കുണ്ട്. എല്ലാ മേഖലകളിലും അത് വർധിപ്പിക്കാനും ശക്തിപ്പെടുത്താനുമാണ്​​ ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു. തീവ്രവാദം സൃഷ്ടിക്കുന്നതിൽ ബ്രദർഹുഡ് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന്​ അമീർ മുഹമ്മദ് ബിൻ സൽമാൻ ആരോപിച്ചു.

ദൈർഘ്യമുള്ള അഭിമുഖത്തിൽ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ നിരവധി വിഷയങ്ങളിൽ അദ്ദേഹം നിലപാട്​ വ്യക്​തമാക്കി. സൗദി അറേബ്യ മറ്റേതൊരു രാജ്യത്തെയും പോലെ ആകാൻ ശ്രമിക്കുന്നില്ല. മറിച്ച് നമ്മുടെ സാമ്പത്തികവും സാംസ്കാരികവുമായ അടിത്തറയെ അടിസ്ഥാനമാക്കി വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് പകർത്തിയ പദ്ധതികൾ രാജ്യം മുന്നോട്ട്​ വെക്കുന്നില്ല. ലോകത്തേക്ക് പുതിയ എന്തെങ്കിലും ചേർക്കാൻ അത് ആഗ്രഹിക്കുന്നു. നിലവിൽ നിർമിക്കുന്ന പല പദ്ധതികളും അതുല്യമാണ് -അദ്ദേഹം പറഞ്ഞു.

രാജ്യം അതിന്‍റെ വിശ്വാസങ്ങളുടെ പ്രാധാന്യം കുറച്ചുകാണുന്നില്ലെന്നും കിരീടാവകാശി വിശദീകരിച്ചു. കാരണം അത് രാജ്യത്തിന്‍റെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു. ഇസ്​ലാമിനെയും സൗദി സംസ്കാരത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു രാജ്യമാണ്​. വിഷൻ 2030 പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്​. അവർക്ക് അത് തൊടാൻ കഴിയില്ല. അത് ഒരിക്കലും പരാജയപ്പെടുകയില്ലെന്നും കിരീടാവകാശി പറഞ്ഞു.

സൗദി അറേബ്യ ഞങ്ങൾ ആഗ്രഹിക്കുന്ന സാമൂഹിക നിലവാരത്തിൽ എത്തിയിട്ടുണ്ടെന്ന് കരുതുന്നില്ല. എങ്കിലും സംസ്കാരത്തെയും വിശ്വാസത്തെയും അടിസ്ഥാനമാക്കി ഞങ്ങൾ വിശ്വസിക്കുന്ന മാറ്റങ്ങൾ (സൗദികൾ എന്ന നിലയിൽ) ഞങ്ങൾ തെരഞ്ഞെടുക്കുന്നു. സൗദി അറേബ്യ രാജഭരണ രാഷ്​ട്രമാണ്​. ആ മാതൃകയെ അടിസ്ഥാനമാക്കിയാണ് അത്​​ സ്ഥാപിച്ചത്​. രാജഭരണത്തിനു കീഴിൽ ഗോത്ര, മർകസ്​ തലവന്മാർ അടങ്ങുന്ന ഒരു സങ്കീർണ്ണ സംവിധാനമുണ്ട്. അതിനാൽ സൗദി അറേബ്യയെ ഒരു രാജവാഴ്ചയിൽനിന്ന് മറ്റൊരു ഭരണത്തിലേക്ക് മാറ്റാൻ കഴിയില്ല. കാരണം, മുന്നൂറ് വർഷമായി നിലനിൽക്കുന്ന കാര്യമാണത്​.

1,000-ത്തോളം വരുന്ന ഗോത്ര-നഗര സംവിധാനങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ ഈ രീതിയിൽ ജീവിച്ചു. അവർ സൗദി അറേബ്യയുടെ രാജവാഴ്ചയുടെ തുടർച്ചയുടെ ഭാഗമാണ്. രാജകുടുംബത്തിലെ ആലു സഊദ്​ കുടുംബത്തിൽ അയ്യായിരത്തിലധികം അംഗങ്ങളുണ്ട്. അധികാര താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ്​ ബൈഅത്ത്​ കൗൺസിൽ അംഗങ്ങൾ എന്നെ തെരഞ്ഞെടുത്തത്. രാജഭരണം മാറ്റുന്നത് ആലു സഊദ് കുടുംബത്തിലെ അംഗങ്ങളോടും അതുപോലെ തന്നെ ഗോത്രങ്ങളോടും 'മർകസു'കളോടുമുള്ള വഞ്ചനയാണ്​. അവർക്കെതിരായ അട്ടിമറിയുമാണ്. ഈ ഘടകങ്ങളെല്ലാം സൗദി അറേബ്യയിൽ മാറ്റം കൊണ്ടുവരാൻ സഹായിക്കുന്നു. അവർ മാറ്റത്തിന്‍റെ വേഗത കുറയ്ക്കുന്നതായി ഞാൻ കരുതുന്നില്ല. പകരം എന്നെ കൂടുതൽ ചെയ്യാൻ സഹായിക്കുന്ന ടൂളുകളാണെന്നും കിരീടാവകാശി പറഞ്ഞു.

സൗദി അറേബ്യ ഒരു ചെറിയ രാജ്യമല്ല, കാരണം അത് ജി 20 രാജ്യങ്ങളിൽ ഒന്നാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമാണെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യം സാക്ഷ്യം വഹിച്ച മഹത്തായ സംഭവവികാസങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

Tags:    
News Summary - Ameer Muhammad bin Salman says external pressure will not affect Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.