ദമ്മാം: ആരെയും ആകർഷിക്കുന്ന ശബ്ദം കൊണ്ട് പ്രവാസികളുടെ മനം കവർന്ന അക്ബർ ഖാൻ റെയ്നി നൈറ്റിൽ വേദിയിൽ പാടി തിമിർക്കും. ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകൾ ചെയ്ത അദ്ദേഹം മലയാളിയുടെ അരുമയാണ്. ‘സരിഗമപ’ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെയാണ് മലയാളികൾ ഈ തൃശൂർക്കാരനെ കൂടുതൽ അടുത്തറിഞ്ഞത്. ഒരു നല്ല ഗായകൻ എന്നതിലുപരി സൗണ്ട് എൻജിനീയർ, പ്രോഗ്രാമർ, റിഥം ഗിറ്റാറിസ്റ്റ് തുടങ്ങിയ നിലകളിലും താരമാണ് അക്ബർ ഖാൻ.
ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകളിലും അക്ബർ പങ്കെടുത്തിട്ടുണ്ട്. ‘മാർഗംകളി’ എന്ന ചിത്രത്തിലൂടെയാണ് സിനിമാപിന്നണി ഗാനരംഗത്തേക്ക് അക്ബർ ഖാൻ എത്തുന്നത്. വലിയൊരു ആരാധകവൃന്ദവും ഈ യുവഗായകന് ഇന്നുണ്ട്. മാർഗംകളി എന്ന ചിത്രത്തിലെ ‘എന്നുയിരെ എന്നകമേ’ എന്ന ഗാനം ശ്രദ്ധ നേടിയിരുന്നു. അടിപൊളി ധമാക്ക, പുലരിയിൽ ഇളവെയിൽ തുടങ്ങിയവയും ഏറെ ശ്രദ്ധ നേടിയ ഗാനങ്ങളാണ്. തെൻറ സംഗീത ജീവിതത്തിൽ നേരിട്ട നിരവധി അവഗണനകൾ ഷോകളിൽ പങ്കുവെയ്ക്കുമ്പോളും അക്ബറിന് ആരോടും പരാതിയും പരിഭവവും ഇല്ല. ആസ്വദിച്ച് പാടുകയും ആസ്വാദകരെ ആനന്ദിപ്പിക്കുകയുമാണ് അക്ബറിന്റെ ഏക ലക്ഷ്യം. ഫെബ്രുവരി ഒമ്പതിന് അൽഖോബാർ സിഗ്നേച്ചർ ഹോട്ടലിലെ വിശാലമായ ഹാളിലാണ് റെയ്നി നൈറ്റ് നടക്കുന്നത്. പ്രമുഖ സിനിമാതാരവും ദേശീയ പുരസ്കാര ജേതാവുമായ അപർണ ബാലമുരളി, മുൻനിര സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി, യുവ ഗായകരിൽ പ്രമുഖരായ സൂരജ് സന്തോഷ്, നിത്യ മാമൻ, ക്രിസ്റ്റകല, ശ്രീജിഷ്, മിഥുൻ രമേശ് എന്നിവർക്കൊപ്പമാണ് അക്ബർ ഖാനും എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.