റിയാദ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനെതിരെ അറബ്, ഇസ്ലാമിക ലോകത്ത് ചലനം സൃഷ്ടിക്കാൻ സൗദി അറേബ്യ മുൻകൈയെടുത്തതായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. സൽമാൻ രാജാവിന് വേണ്ടി ബുധനാഴ്ച ശൂറാ കൗൺസിൽ എട്ടാം സമ്മേളനത്തിന്റെ നാലാം വർഷ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം 100ലധികം രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന നിരവധി പ്രധാന ഉച്ചകോടികൾക്ക് സൗദി ആതിഥേയത്വം വഹിച്ചു.
ഗസ്സയിലെ നമ്മുടെ സഹോദരങ്ങൾ അഭിമുഖീകരിക്കുന്ന വേദനാജനകമായ സംഭവങ്ങളെ അഭിമുഖീകരിക്കാൻ നടത്തിയ അസാധാരണമായ അറബ്-ഇസ്ലാമിക് ഉച്ചകോടിയും അതിലുൾപ്പെടും. അതിലൂടെ ഇസ്രായേൽ ആക്രമണം തടയുന്നതിനും മാനുഷിക സഹായം ഗസ്സയിലേക്ക് പ്രവേശിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തെ സമ്മർദത്തിലാക്കാൻ അറബ്, ഇസ്ലാമിക ലോകത്ത് വലിയ ചലനം സൃഷ്ടിക്കാൻ പ്രവർത്തിച്ചതായും കിരീടാവകാശി പറഞ്ഞു.
എല്ലാ രാജ്യങ്ങളുടെയും ദേശീയ പരമാധികാരത്തെ അംഗീകരിച്ചും ആദരിച്ചും കൊണ്ടാണ് സൗദി അറേബ്യയുടെ സുസ്ഥിര സമീപനം. ‘വിഷൻ 2030’ അനുസരിച്ച് സൗദി വികസന നവോത്ഥാനം തുടരുകയാണ്. അത് ആഗോളതലത്തിൽ രാജ്യത്തിന് അതിന്റെ വികസിത സ്ഥാനം നിലനിർത്തുന്നതിനും കൂടുതൽ വികസനവും സമൃദ്ധിയും കൈവരിക്കുന്നതിനും പൗരന്മാർക്ക് മാന്യമായ ജീവിതമാർഗങ്ങൾ പ്രദാനം ചെയ്യുന്നതിനും സംഭാവന ചെയ്യുന്നു.
‘ജി 20’ രാജ്യങ്ങൾക്കിടയിൽ ഏറ്റവും വേഗത്തിൽ വളരുന്നത് സൗദി സമ്പദ് വ്യവസ്ഥയാണ്. സൗദിയിലെ ടൂറിസം ചരിത്രപരമായ വളർച്ച കൈവരിച്ചു. സൗദി പല മേഖലകളിലും ഉയർന്ന സ്ഥാനങ്ങൾ നേടിയിട്ടുണ്ട്.
അതുപോലെ ആഭ്യന്തര എണ്ണയിതര ഫലങ്ങളിൽ ഏകദേശം 4.8 ശതമാനം വളർച്ചയുണ്ടായി. ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിതമായ 20 രാജ്യങ്ങളിലൊന്നായി ഉയരുകയും ചെയ്തു.
2023ന്റെ ആദ്യപാദത്തിൽ 64 ശതമാനം വളർച്ചയോടെ രാജ്യം ടൂറിസം മേഖലയിലും ചരിത്രപരമായ പ്രകടനം കൈവരിച്ചു. ‘വിഷൻ 2030’ ലക്ഷ്യങ്ങൾക്കനുസൃതമായി സാമ്പത്തിക പരിവർത്തന പ്രക്രിയയിൽ തുടർന്നും പ്രവർത്തിക്കും. നേടിയ നല്ല ഫലങ്ങൾ രാജ്യത്തിന്റെ സമഗ്രമായ സാമ്പത്തിക വളർച്ച വർധിപ്പിക്കുന്ന വിധത്തിൽ സാമ്പത്തിക പരിഷ്കാരങ്ങൾ കൈവരിക്കുന്നതിലും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിലും കൂടുതൽ സഹായിക്കുമെന്നും കിരീടാവകാശി പറഞ്ഞു.
ഹജ്ജ്, ഉംറ തീർഥാടകർക്ക് കർമങ്ങൾ സുഗമമാക്കുന്നതിന് വേണ്ടി സാധ്യമായ പ്രവർത്തനങ്ങൾ നടത്തി. കഴിഞ്ഞ വർഷം 18 ലക്ഷം പേർ ഹജ്ജും ഒരു കോടിയിലധികം പേർ ഉംറയും നിർവഹിച്ചു. ‘വിഷൻ 2030’ പ്രോഗ്രാമുകളിലൊന്നായ ദൈവത്തിന്റെ അതിഥികളെ സേവിക്കുന്നതിനുള്ള പദ്ധതിയുടെ ഫലങ്ങളിലൊന്നാണിത്.
‘എക്സ്പോ 2030’ന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ തെരഞ്ഞെടുക്കപ്പെട്ടത് അതിന്റെ ആഗോള നിലയുടെയും വിശ്വാസത്തിന്റെയും സ്ഥിരീകരണമാണ്. ഏറ്റവും പ്രമുഖമായ അന്താരാഷ്ട്ര ഫോറങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള അനുയോജ്യമായ ഇൻറർഫേസ് എന്ന നിലയിലുമാണെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.