റിയാദ്: പ്രവാസ ലോകത്തെ വ്യവസായ-വാണിജ്യ മേഖലയിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് മുന്നേറുന്ന പ്രതിഭകളെ ആദരിക്കാനായി ഗൾഫ് മാധ്യമം ഏർപ്പെടുത്തിയ ‘അറേബ്യൻ ലെഗസി അച്ചീവ്മെന്റ് അവാർഡി’ന്റെ ശോഭയിൽ മലയാളി പ്രവാസി യുവവ്യവസായികളും കാഫ് ലോജിസ്റ്റിക്സ് ഉടമകളുമായ അനസ് മണ്ണത്താനും ഫൈസൽ പൂന്തലയും. ഷാർജ എക്സ്പോ സെന്ററിൽ ‘കമോൺ കേരള’ ആറാം എഡിഷന്റെ സമാപന ദിനത്തിലൊരുക്കിയ ‘ഗൾഫ് മാധ്യമം’ രജത ജൂബിലി ആഘോഷ വേദിയിലാണ് ഇവർ അവാർഡ് ഏറ്റുവാങ്ങിയത്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലസി അവാർഡ് സമ്മാനിച്ചു.
മലപ്പുറം ജില്ലയിൽനിന്നുള്ള രണ്ടുപേരുടെ ബിസിനസ് ചെയ്യാനുള്ള തീവ്രമായ അഭിലാഷത്തിന്റെ ഫലമായി രൂപംകൊണ്ട കമ്പിനിയാണ് കാഫ് ലോജിസ്റ്റിക്സ്. ഇടത്തരം കുടുംബത്തില്‍പ്പെട്ട രണ്ട് മലയാളി പ്രവാസി യുവസംരംഭകരുടെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും വ്യതിരിക്തമായ കഥപറയുന്ന കാഫ് ലോജിസ്റ്റിക്സ് 2019ലാണ് തുടക്കംകുറിച്ചത്. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി അനസ് മണ്ണത്താനും കൊണ്ടോട്ടി മൊറയൂർ സ്വദേശി ഫൈസൽ പൂന്തല എന്നീ രണ്ടുപേർ പങ്കാളിത്തത്തോടെ ചെറിയൊരു ഓഫിസ് സെറ്റപ്പോടുകൂടി ജിദ്ദയിലായിരുന്നു തുടക്കം. കാഫ് ലോജിസ്റ്റിക്സ് ആഗോള തലത്തില്‍തന്നെ, കസ്റ്റംസ് ക്ലിയറന്‍സ്, ട്രാന്സ്പോര്ട്ടേഷന്, ഇംപോര്‍ട്ട്, എക്സ്പോര്‍ട്ട്, പ്രൊജക്റ്റ് കാര്‍ഗൊ തുടങ്ങിയ മേഖലകളിൽ സേവനം ചെയ്തുവരുന്നു. സൗദി അറേബ്യയുടെ നിക്ഷേപക ലൈസൻസ് കിട്ടിയതാണ് കാര്യങ്ങൾ എളുപ്പമാക്കിയത്.
ഇന്ന് വിവിധദേശക്കാരായ നൂറില്‍പരം പേർ ജോലിചെയ്യുന്ന സ്ഥാപനമായി വളര്‍ന്നത് രണ്ടു പേരുടേയും അശ്രാന്ത പരിശ്രമത്തിലൂടെയായിരുന്നു. യു.എ.ഇ, ബഹ്റൈന്‍, ഇന്ത്യ എന്നീ രാജ്യങ്ങളിൽ ലോജിസ്റ്റിക്സ് മേഖലയിൽ പ്രവര്‍ത്തിച്ചുവരുന്ന കാഫ് ലോജിസ്റ്റിക്സ്, ജി.സി.സി രാജ്യങ്ങള്കൂടാതെ യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. ഈ അർപ്പണബോധത്തിനും സ്ഥിരോത്സാഹത്തിനുമുള്ള അംഗീകാരമായാണ് ഗൾഫ് മാധ്യമം ‘അറേബ്യൻ ലെഗസി അച്ചീവ്മെന്റ് അവാർഡ്’ സമ്മാനിച്ചത്.
ചടങ്ങിൽ ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് ചെയർമാൻ ടി.കെ. ഫാറൂഖ്, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ, മാധ്യമം ബിസിനസ് സൊല്യൂഷൻസ് ഗ്ലോബൽ ഹെഡ് കെ. മുഹമ്മദ് റഫീഖ്, ഗൾഫ് മാധ്യമം സി.ഒ.ഒ സക്കരിയ, മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് ടി.എം. സ്വാലിഹ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.