യാംബു: ദന്തശുദ്ധീകരണത്തിന് അറബികൾ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഔഷധ ഗുണമുള്ള‘അറാക്ക്’ ചെടിയുടെ തണ്ട് അറബ് സമൂഹത്തിനിടയിൽ ശ്രദ്ധേയമായ ഒന്നാണ്. വായയുടെ ശുചിത്വം പാലിക്കാൻ പ്രകൃതിദത്തമായ ഈ ‘ടൂത്ത് ബ്രഷ്’ ഉത്തമമായ ഒന്നായാണ് പഠനങ്ങൾ പറയുന്നത്. ‘സൽവഡോറാർ’ എന്നറിയപ്പെടുന്ന അറാക്കിൽ നിന്നാണ് തണ്ട് മുറിച്ചെടുക്കുന്നത്.
ഒരു മീറ്റർ മുതൽ നാലു മീറ്റർ വരെ നീളമുള്ള ഈ ചെടി അറേബ്യൻ ഉപദ്വീപിന്റെ വിവിധ പ്രദേശങ്ങളിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലുമാണ് കൂടുതൽ കണ്ടുവരുന്നത്. രണ്ടോ മൂന്നോ വർഷം പ്രായമുള്ള ചെടികളുടെ തണ്ടുകളാണ് ദന്തശുദ്ധീകരണത്തിന് ഉപയോഗിക്കുന്നത്. റമദാനിലെ പകലുകളിൽ അറബികൾ വ്യാപകമായി ‘അറാക്ക്’ ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നത് അവരുടെ പാരമ്പര്യം നിലനിർത്തുന്നതിന്റെ ഒരു മാതൃക കൂടിയാണ്. ‘അറാക്ക്’ കൊണ്ട് ദന്ത ശുദ്ധീകരണം വരുത്തുന്നത് ദൈവം ഏറെ ഇഷ്ടപ്പെടുന്നുവെന്ന പ്രവാചകൻ മുഹമ്മദിന്റെ വചനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിശ്വാസികൾ ദന്തശുദ്ധി വരുത്തുന്നത്. വായിലെ രോഗാണുക്കളിൽനിന്ന് നമ്മെ സംരക്ഷിക്കുന്നതിനായി ഉൽപാദിപ്പിക്കുന്ന ഉമിനീര് ഉപവാസ സമയത്ത് കുറച്ചു മാത്രമാണ് ഉണ്ടാവുക. അത് വായനാറ്റത്തിന് സാധ്യത ഉണ്ടാക്കുന്നു. അറാക്ക് ഉപയോഗിച്ച് ദന്ത ശുദ്ധീകരണം വരുത്തിയാൽ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിയുമെന്നും ചില പഠനങ്ങൾ വെളിപ്പെടുത്തുന്നു.
വായനാറ്റം ഒഴിവാക്കാൻ ‘അറാക്ക്’എന്ന മിസ്വാക്ക് കൊണ്ട് സാധിക്കുമെന്നും ഇത് പ്രകൃതിദത്ത ടൂത്ത് ബ്രഷ് എന്നതിലുപരി വായിൽ സുഗന്ധവും ഉണ്ടാക്കുമെന്ന് റിയാദിലെ ദന്തഡോക്ടറായ ഡോ. അബ്ദുൽ അസീസ് അൽ സൈഫ് പറഞ്ഞു. അറാക്ക് എന്ന മിസ്വാക്ക് വായിലെ ദുർഗന്ധം അകറ്റുകയും രുചിയുടെ ബോധം മെച്ചപ്പെടുത്തുകയും ഓർമശക്തി വർധിപ്പിക്കുകയും പല്ലുകൾക്ക് തിളക്കം നൽകുകയും കാഴ്ചശക്തി മെച്ചപ്പെടുത്തുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുമെന്ന് സൗദിയിലെ മറ്റൊരു ദന്തഡോക്ടർ ഡോ. ഐഷ അലി അഹ്മദ് ചൂണ്ടിക്കാട്ടി. പല്ലിനെ ദ്രവിപ്പിക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ കഴിയുന്ന രാസഘടകങ്ങൾ ‘അറാക്ക്’ ചെടികളിൽ അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഗൾഫിലെ പള്ളികളുടെ അങ്കണങ്ങൾ, മാർക്കറ്റുകൾ, കച്ചവട സ്ഥാപനങ്ങൾ, വഴിയോരങ്ങൾ എന്നിവിടങ്ങളിൽ ‘അറാക്ക്’ വിൽപന നടത്തി ഉപജീവനം തേടുന്ന സാധാരണക്കാരായ ആളുകളെ കാണാം.
ദന്ത ശുദ്ധീകരണത്തിന് വിവിധ രീതിയിലുള്ള ബ്രഷുകളും പേസ്റ്റുകളും വിപണിയിൽ ലഭ്യമാണെങ്കിലും അറാക്ക് ഉപയോഗമാണ് ഇന്നും അറബികൾ ഏറെ നെഞ്ചേറ്റുന്നത്. ‘എന്റെ സമൂഹത്തിന് ബുദ്ധിമുട്ടാവുമായിരുന്നില്ലെങ്കിൽ എല്ലാ നമസ്കാരങ്ങൾക്കു മുമ്പും ദന്തശുദ്ധീകരണം ഞാനവർക്ക് നിർബന്ധമാക്കുമായിരുന്നു’ എന്ന പ്രവാചക വചനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അറബികൾ സദാസമയവും ‘അറാക്ക്’കൂടെ കൊണ്ടു നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.