ജിദ്ദ: ബഖാല, മിനി മാര്‍ക്കറ്റ്, സെന്‍ട്രല്‍ മാര്‍ക്കറ്റ്, കാറ്ററിങ് സ്ഥാപനങ്ങൾക്ക് പുതിയ വ്യവസ്ഥകളടങ്ങിയ മാർഗരേഖക്ക് മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രി ഇൻചാർജ് ഡോ. മാജിദ് അൽഖസബി അംഗീകാരം നൽകി. പുതിയ ലൈസൻസിന് അപേക്ഷിക്കുന്ന മുഴുവൻ ബഖാലക ൾക്കും ഭക്ഷ്യവിൽപന കടകൾക്കും സൂഖുകൾക്കും പുതിയ ചട്ടങ്ങൾ ബാധകമായിരിക്കും. നിലവിലെ ബഖാലകൾക്ക് പുതിയ ചട്ടങ്ങൾക്കനുസരിച്ച് പദവി ശരിയാക്കാൻ രണ്ട് വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. ബഖാല മേഖല വ്യവസ്ഥാപിതമാക്കുക, ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ മികച്ചതാക്കുക, ആരോഗ്യ, സുരക്ഷ നിബന്ധനകൾ ഉറപ്പുവരുത്തുക എന്നിവയാണ് ലക്ഷ്യം.
കടയുടെ മുൻഭാഗം അകവും പുറവും കാണാൻ കഴിയുംവിധം പൂർണമായും സുരക്ഷിത ഗ്ലാസ് കൊണ്ടുള്ളതായിരിക്കണം. കെട്ടിടത്തിന് സൗദി ബിൽഡിങ് നിയമപ്രകാരമുള്ള എല്ലാതരം ലൈസൻസുമുണ്ടായിരിക്കണം. കടക്കുള്ളിൽ ആവശ്യമായ സൗകര്യങ്ങൾ ഉണ്ടായിരിക്കണം. ഉപകരണങ്ങൾ, സജ്ജീകരണങ്ങൾ എന്നിവ ഉപഭോക്താക്കൾക്ക് പ്രയാസം സൃഷ്ടിക്കുന്ന വിധത്തിലാകരുത്. പാക്കിങ് ഭക്ഷ്യവസ്തുക്കൾ, ക്ലീനീങ്, ഫെർഫ്യും, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ തുടങ്ങിയവക്ക് പ്രത്യേക സ്ഥലമുണ്ടായിരിക്കണം. പേരും മുദ്രയും കടയുടെ മുൻഭാഗം മറക്കുന്ന രീതിയിലാകരുത്. കമേഴ്സ്യൽ രജിസ്ട്രേഷനിലുള്ളതുപോലെ പേരും നമ്പറുകളും ബോർഡിൽ രേഖപ്പെടുത്തിയിരിക്കണം.
ബോർഡ് സ്ഥാപനത്തിനു അനുയോജ്യമായ വിധത്തിലായിരിക്കണം തുടങ്ങിയവ പുതിയ ചട്ടങ്ങളിലുൾപ്പെടുന്നു. അതോടൊപ്പം സ്ഥാപന ബോർഡുകൾ ഏകീകൃതമായിരിക്കും. മുഴുവൻ തൊഴിലാളികളും സ്ഥാപനത്തിെൻറ പേര് എഴുതിയ ഏകീകൃത യൂനിഫോം ധരിച്ചിരിക്കണം. ഭക്ഷ്യവിൽപന രംഗത്തുള്ളവർ മെഡിക്കൽ കാർഡ് നിർബന്ധമായും യൂനി ഫോമിൽ ഒട്ടിച്ചിരിക്കണം. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പുതിയ ചട്ടങ്ങൾ തയാറാക്കിയിരിക്കുന്നത്. ഇതിെൻറ മുന്നോടിയായി നേരേത്ത മന്ത്രാലയത്തിന് കീഴിലെ ബലദിയ കാര്യാലയ വിദഗ്ധർ വാണിജ്യ മന്ത്രാലയ പ്രതിനിധികളുടെ സഹകരണത്തോടെ സ്വകാര്യ മേഖലയിലുള്ളവരെ ഉൾപ്പെടുത്തി ശിൽപശാലകൾ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.