ദമ്മാം: പ്രത്യക്ഷത്തിൽ മോദിക്കും ഫാഷിസത്തിനും എതിരെന്ന് തോന്നിപ്പിക്കുമെങ്കിലും ഗുജറാത്ത് കലാപത്തിന്റെ ഓർമയുണർത്തുന്ന ബി.ബി.സി ഡോക്യുമെൻററിക്കും വിവാദത്തിനും പിന്നിൽ ആർ.എസ്.എസ് ബുദ്ധി കേന്ദ്രമാണോ എന്ന് സംശയമുണ്ടെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ പറഞ്ഞു.
ഭാരത് ജോഡോ യാത്ര പ്രചാരണാർഥം ഒ.ഐ.സി.സി ദമ്മാം ഘടകം സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. കലാപങ്ങളിലെ അക്രമങ്ങളെ തങ്ങളുടെ അംഗീകാരങ്ങളാക്കി മാറ്റി ജയിച്ചു കയറിവരാണ് ബി.ജെ.പിക്കാർ.
അതേ തന്ത്രം 20 കൊല്ലങ്ങൾക്ക് ശേഷം പുതിയ ഒരു തലമുറയോട് പറയാനുള്ള ശ്രമമാണോ ഈ ഡോക്യൂമെൻററി എന്ന് സംശയിക്കണം. എതിർക്കുന്നവരെ വിലക്ക് വാങ്ങുന്ന തന്ത്രമാണ് ബി.ജെ.പിയുടേത്. ഫാഷിസത്തെ എതിർത്തിരുന്ന എൻ.ഡി.ടി.വിയെ അംബാനിയെക്കൊണ്ട് വാങ്ങിപ്പിച്ചവർ ബി.ബി.സിയേയും വാങ്ങിയോ എന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അനിൽ ആൻറണിയുടെ അഭിപ്രായം ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്സിലെ ഒരു നേതാവും അതിനെ പിന്തുണച്ച് രംഗത്ത് വന്നിട്ടില്ല. രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര ഗാന്ധിജിക്ക് ശേഷം പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. കോൺഗ്രസ്സ് ഫാഷിസത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന ഉറച്ച പ്രഖ്യാപനം കൂടിയാണിത്. ഇന്ത്യയിൽ ഇന്ന് നിലവിലുള്ള മൂന്നാം മുന്നണി ബി.ജെ.പിയെ പ്രതിരോധിക്കാനല്ല, മറിച്ച് എതിർ ശബ്ദങ്ങളെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്.
ആർ.എസ്.എസ് രൂപം കൊണ്ടത് 1925ൽ ആണങ്കിലും 2000ാം ആണ്ടിന് ശേഷം തങ്ങൾക്ക് വേണ്ടി സൃഷ്ടിച്ച രണ്ട് കാര്യങ്ങളാണ് ആം ആദ്മി പാർട്ടിയും ഉവൈസിയുടെ പാർട്ടിയും. കോൺഗ്രസ്സിനെ തകർത്ത് ബി.ജെ.പിക്ക് വഴിയൊരുക്കലാണ് ഇത് രണ്ടിന്റേയും ലക്ഷ്യം. ഇ.ഡിയും, ജയിലും കാണിച്ച് നേതാക്കളെ ഭീഷണിപ്പെടുത്തി തങ്ങളുടെ അധികാര സാമ്രാജ്യം വലുതാക്കുകയാണ് ബി.ജെ.പി. എന്നാൽ ഈ പ്രലോഭനങ്ങളെ അതിജയിച്ച കോൺഗ്രസ്സ് നേതാക്കളെ മാധ്യമങ്ങൾ തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം കൂറ്റപ്പെടുത്തി.
കേരളത്തിൽ ബി.ജെ.പിക്ക് അനുകൂല പാതയൊരുക്കുകയാണ് പിണറായി വിജയന്റെ ദൗത്യം. ന്യൂനപക്ഷ സംരക്ഷകരെന്ന അവകാശവാദമുയർത്തുകയും പിന്നിലുടെ ന്യൂനപക്ഷ പീഢകരായി മാറുകയും ചെയ്യുകയാണ് നിലവിലെ സർക്കാർ. എല്ലാ പ്രതിസന്ധികളേയും അതിജയിച്ച് കോൺഗ്രസ്സ് തിരികെ വരികതന്നെ ചെയ്യുമെന്നും അദ്ദേഹം പ്രത്യാശിച്ചു. കെ.പി.സി.സി നിർവാഹക സമിതിയംഗം അഹമ്മദ് പുളിക്കൻ, ഒ.ഐ.സി.സി റീജനൽ പ്രസിഡൻറ് ബിജു കല്ലുമല, റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്ര മോഹൻ, ലാൽ അമീൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.