റിയാദ്: റിയാദ് സീസൺ മൂന്നാം പതിപ്പിന്റെ ഭാഗമായ ബോളിവാർഡ് വേൾഡ് വിനോദനഗരിയിൽ സന്ദർശകരുടെ തിരക്കേറി. വിസ്മയക്കാഴ്ചകളും അത്ഭുത നിർമിതികളും ഒരുക്കിവെച്ച് തദ്ദേശീയരും വിദേശികളുമായ വിനോദസഞ്ചാരികളെ മാടിവിളിക്കുകയാണ് ഈ അത്ഭുത നഗരി. റിയാദ് നഗരകേന്ദ്രത്തിൽനിന്ന് 30 കിലോമീറ്റർ ദൂരമാണ് ഈ വിനോദ കേന്ദ്രത്തിലേക്കുള്ളത്.
വിശാലമായ പാർക്കിങ് സൗകര്യവും ഹൃദ്യമായ ആതിഥേയത്വവും കൃത്യമായ മാർഗനിർദേശം നൽകാനായി മികച്ച വളൻറിയർ സംവിധാനവും നഗരിയിലുണ്ട്.
അതിമനോഹരമായ ബോളിവാർഡ് വേൾഡ്, സന്ദർശകരുടെ ഭാവനകൾക്കപ്പുറം അതിഗംഭീരമായ 10ഓളം ഉപമേഖലകളിലേക്ക് കൂട്ടിക്കൊണ്ടുപോകും. എല്ലാ പ്രായക്കാർക്കും വിവിധ ഇഷ്ടക്കാർക്കും അതൊരു ഇടം നൽകുന്നു. പ്രത്യേകമായ ഷോപ്പിങ് അനുഭവം, കായിക സാഹസിക സംഗീതപ്രേമികളടക്കം എല്ലാവരിലും ആവേശവും ഉത്സുകതയും നിറക്കുന്ന കാഴ്ചകളാണ് എങ്ങും. ന്യൂയോർക്കിലെ ടൈം സ്ക്വയറിനെ അനുസ്മരിപ്പിക്കുന്ന ഗംഭീരവും ആകർഷകവുമായ സ്ക്രീനുമായി വലിയ പ്രവേശന കവാടം, ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകം, കേബ്ൾ കാർ ഗതാഗതം, ദൃശ്യ സംഗീത സാന്ദ്രമായ ക്ലൗഡ് ആലിംഗന ലോഞ്ചുകൾ, കോംബാറ്റ് ഫീൽഡ് ഏരിയ, സൂപ്പർ ഹീറോകൾക്കുള്ള ഗ്രാമം, ലോകത്തിലെ ഏറ്റവും വലിയ ഗോളം എന്നിവ ഉൾപ്പെടെ നിരവധി വൈവിധ്യമാർന്ന ആസ്വാദന കേന്ദ്രങ്ങളാണ് ഇവിടത്തെ സവിശേഷതകൾ. വിവിധ രാജ്യങ്ങളുടെ സാംസ്കാരിക വൈവിധ്യവും പാരമ്പര്യവും തുടിക്കുന്ന കലാപ്രകടനങ്ങൾ, രുചികൾ, സുഗന്ധങ്ങൾ, കാഴ്ചകൾ എല്ലാം മേളിക്കുന്ന ആഘോഷങ്ങളുടെ കാർണിവൽ കൂടിയാണ് ബോളിവാർഡ്.
വിനോദസഞ്ചാര രംഗത്ത് സൗദിയുടെ കുതിച്ചുചാട്ടത്തിന്റെയും സുസ്ഥിര വികസന മേഖലയിൽ രാജ്യം നടത്തുന്ന കരുതൽ നിക്ഷേപങ്ങളുടെയും ഭാഗമാണ് റിയാദ് സീസണിന്റെ ഭാഗമായി ഉയർന്നുവന്ന ഉത്സവ നഗരികൾ. വൈകീട്ട് മൂന്നു മുതൽ പുലർച്ച 12 വരെ വിനോദനഗരി തുറന്നിരിക്കും. ഓൺലൈനായാണ് ടിക്കറ്റുകൾ കരസ്ഥമാക്കേണ്ടത്. ആഴ്ചയിലെ സാധാരണ ദിവസങ്ങളിൽ ടിക്കറ്റുകൾക്ക് 100 റിയാലും വാരാന്ത്യങ്ങളിൽ 150 റിയാലുമാണ് നിരക്ക്. തിരക്ക് കൂടുതലായതിനാൽ പ്രവൃത്തി ദിവസങ്ങൾ തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. ഗിന്നസ് റെക്കോഡ് നേടിയ അഞ്ചു സവിശേഷ കാഴ്ചകളടക്കം നിരവധി വിഭവങ്ങളാണ് ഓരോ സന്ദർശകനെയും കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.