റിയാദ്: ശനിയാഴ്ച ഫ്രാൻസിൽ നടന്ന ഒട്ടകയാത്രയിൽ 30 ലധികം രാജ്യങ്ങൾക്കൊപ്പം സൗദി അറേബ്യയും പങ്കെടുത്തു. തലസ്ഥാനമായ പാരിസിലെ തെരുവുകളിൽ നടന്ന യാത്രയിൽ 50 ലധികം ഒട്ടകങ്ങൾ അണിനിരന്നു. 2024 ‘ഒട്ടകങ്ങളുടെ അന്താരാഷ്ട്ര വർഷം’ ആയി പ്രഖ്യാപിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തിന്റെ ആഘോഷമായി ഫ്രഞ്ച് ഫെഡറേഷൻ ഫോർ കാമൽ ഡെവലപ്മെൻറ് ഇൻ യൂറോപ്, സാംസ്കാരിക മന്ത്രാലയവും ഒട്ടക ക്ലബ്ബുമായി സഹകരിച്ചാണ് ഒട്ടകയാത്ര സംഘടിപ്പിച്ചത്.
നിരവധി അന്താരാഷ്ട്ര സംഘടനകളുടെയും ഫെഡറേഷനുകളുടെയും സർക്കാർ മേഖലകളിലെയും പ്രതിനിധികൾ, വിദ്യാഭ്യാസ വിചക്ഷണർ, ഒട്ടക മേഖലയിൽ താൽപര്യമുള്ളവർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. യാത്രക്ക് മുന്നോടിയായി ചാറ്റോ ഡി ജാൻവ്രിയിലെ ചരിത്രകേന്ദ്രത്തിൽ സംഭാഷണ സെഷനുകൾ നടന്നു. തുടർന്ന് ഒട്ടകയാത്ര ആരംഭിച്ചു. ഐഫൽ ടവർ കടന്ന് ഒട്ടകങ്ങൾ ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ യുനെസ്കോയുടെ ആസ്ഥാനത്തെത്തി. ഒട്ടക പൈതൃകവും സാംസ്കാരിക വശങ്ങളും പ്രദർശിപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും, ഓരോ രാജ്യത്തിെൻറയും സംഭാവനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ് ഒട്ടകയാത്ര സംഘടിപ്പിച്ചത്.
മാധ്യമ പ്രവർത്തകർക്ക് പുറമെ അന്താരാഷ്ട്ര സംഘടനകൾ, അക്കാദമികൾ, ഗവേഷണ കേന്ദ്രങ്ങൾ, സ്വകാര്യ മേഖല, പെങ്കടുക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികൾ എന്നിങ്ങനെ ക്ഷണിക്കപ്പെട്ട പ്രതിനിധികൾക്ക് സ്വീകരണം നൽകി. ഒട്ടക വർഷത്തിലേക്ക് സംഭാവന നൽകാനും ജനങ്ങളുടെ ജീവിതത്തിൽ അവയുടെ സ്വാധീനം ഉയർത്തിക്കാട്ടാനുമാണ് സംസ്കാരിക മന്ത്രാലയം ഒട്ടകയാത്രകൊണ്ട് ലക്ഷ്യമിടുന്നത്. വിഷൻ 2030 പ്രധാന ലക്ഷ്യങ്ങളിലൊന്നായ അന്താരാഷ്ട്ര സാംസ്കാരിക വിനിമയം വർധിപ്പിക്കുന്നതിനുമാണ്. ‘ഒട്ടക വർഷം 2024’ എന്ന സംരംഭം ഒട്ടകങ്ങളുടെ സാംസ്കാരികവും സാമൂഹികവുമായ പൈതൃകത്തെ അന്താരാഷ്ട്ര സമൂഹത്തെ പരിചയപ്പെടുത്തുക എന്നതിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.