ജിദ്ദ: മദീനയിൽ സന്ദർശനം നടത്തി ജിദ്ദയിലേക്ക് തിരിച്ചുവരികയായിരുന്ന രണ്ടു മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി (28) ആണ് മരിച്ചത്.
വാഹനത്തിൽ ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ഫർസീന ചേരുംകുഴിയിൽ, മകൾ അയ്മിൻ റോഹ (മൂന്നര), ജിദ്ദയിൽ ജോലി ചെയ്യുന്ന തുവ്വൂർ സ്വദേശിയായ നൗഫലിന്റെ ഭാര്യ റിൻസില, ഇവരുടെ മാതാവ് വട്ടിപ്പറമ്പത്ത് റംലത്ത്, സഹോദരൻ മുഹമ്മദ് ബിൻസ് (16), ഡ്രൈവർ അബ്ദുൽ റഊഫ് കൊളക്കാടൻ എന്നിവർക്ക് അപകടത്തിൽ പരിക്കുണ്ട്. ഇവരിൽ അബ്ദുൽ റഊഫ്, ഫർസീന, റംലത്ത് എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ജിദ്ദ നോർത്ത് അബ്ഹൂർ കിങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ച റിഷാദ് അലിയുടെ മകൾ അയ്മിൻ റോഹ, റിൻസില, മുഹമ്മദ് ബിൻസ് എന്നിവരുടെ പരിക്ക് ഗുരുതരമല്ല. ഇവർ റാബഖ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച റിഷാദ് അലി ജിസാനിൽ ബഖാല ജീവനക്കാരനായിരുന്നു. സന്ദർശക വിസയിലുള്ള ഇദ്ദേഹത്തിന്റെ കുടുംബം ജിദ്ദയിലെത്തി നാട്ടുകാരനായ നൗഫലിന്റെ കുടുംബവുമൊന്നിച്ചു ഇന്നോവ കാറിൽ മദീന സന്ദർശനം കഴിഞ്ഞ് ബദർ വഴി മടങ്ങുന്നതിനിടെയായിരുന്നു അപകടം. റാബഖ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന റിഷാദ് അലിയുടെ മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം സൗദിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ജിസാനിലുള്ള ഇദ്ദേഹത്തിന്റെ സഹോദരൻ റിയാസ് ജിദ്ദയിലെത്തിയിട്ടുണ്ട്. മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് കൺവീനർ മുഹമ്മദ്കുട്ടി പാണ്ടിക്കാട്, റാബിഖ് കെ.എം.സി.സി വെൽഫയർ വിങ് അംഗങ്ങളായ ഗഫൂർ ചേലേമ്പ്ര, തൗഹാദ് മേൽമുറി, ഫഹദ് മലപ്പുറം എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.