റിയാദ്: കാലാവസ്ഥ വ്യതിയാനത്തോടനുബന്ധിച്ച് വടക്കൻ സൗദി അറേബ്യയിൽ മഞ്ഞുവീഴ്ചയും തണുപ്പും ശക്തമാകുമെന്ന് മുന്നറിയിപ്പ്. തബൂഖിലെ അൽലോസ് പർവതനിരകളിൽ വരുംദിവസങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിൽനിന്നു താഴുന്നതോടെ ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകാനുള്ള സാധ്യത ഉള്ളതായി രാജ്യത്തെ കാലാവസ്ഥ നിർണയ വിദഗ്ധനായ ഹസൻ അൽഖർനി പ്രവചിച്ചു. ഇത് രാജ്യത്തെ 13 മേഖലകളെ ബാധിക്കുമെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസും മുന്നറിയിപ്പ് നൽകി.
ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് മാറ്റം അനുഭവപ്പെടുക. വടക്കൻ സൗദിയിലെ തബൂഖ്, അൽജൗഫ് ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും റിയാദ്, അൽഖസീം, മദീന തുടങ്ങിയ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റോടുകൂടി മഴ പെയ്യാനും സാധ്യതയുണ്ട്. തുറൈഫ്, അൽഖുറയാത്ത് മേഖലയിലും കനത്ത തണുപ്പ് അനുഭവപ്പെടും.
തബൂഖിലെ ബദാം പർവതം എന്ന പേരിൽ അറിയപ്പെടുന്ന അൽലോസ് പർവതനിരകളിൽ താപനില മൈനസ് 10 ഡിഗ്രി വരെ താഴേക്കു പോകുന്നതോടെ നല്ല മഞ്ഞുവീഴ്ചക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ചെയർമാൻ ഡോ. അബ്ദുല്ല അൽമിസ്നദും അറിയിച്ചു.
ചെങ്കടലിലെ വടക്കുപടിഞ്ഞാറൻ ഉപരിതല കാറ്റിെൻറ വേഗം മണിക്കൂറിൽ 15 മുതൽ 45 വരെ കിലോമീറ്റർ ആയിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്തെ തെക്കുകിഴക്ക് മേഖലയിൽ കാറ്റിെൻറ വേഗം മണിക്കൂറിൽ 15 മുതൽ 40 വരെ കി.മീ. ആയിരിക്കും.
എല്ലാവരും ജാഗ്രത കൈക്കൊള്ളണമെന്നും ശക്തമായ മഞ്ഞുവീഴ്ചയും കാറ്റുമുള്ള പ്രദേശങ്ങളിൽനിന്നു സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകൾ വഴിയുമുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.