ജിദ്ദ: ഉംറ, ടൂറിസം, സന്ദർശനം എന്നീ ആവശ്യങ്ങൾക്കായി സൗദിയിലേക്ക് വരുന്നവർക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ കോവിഡ് ചികിത്സ ഉൾപ്പെടുത്തി പരിഷ്കരിച്ചതായി സൗദി സെൻട്രൽ ബാങ്കും ആരോഗ്യ ഇൻഷുറൻസ് കൗൺസിലും വ്യക്തമാക്കി.
വിദേശത്തുനിന്നെത്തുന്ന സ്വദേശികളല്ലാത്തവർക്ക് കോവിഡ് ബാധ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. ടൂറിസം, സന്ദർശനങ്ങൾ, ഉംറ എന്നിവക്കായി രാജ്യത്തിന് പുറത്തുനിന്നുള്ള സൗദികളല്ലാത്തവർക്ക് കോവിഡ് ബാധിച്ചാൽ ആരോഗ്യ പരിരക്ഷ നൽകുക എന്നതാണ് കവറേജിലൂടെ ലക്ഷ്യമിടുന്നത്. എല്ലാവരുടെയും ആരോഗ്യ സുരക്ഷക്കും ചികിത്സ സേവനം വേഗത്തിൽ ഉറപ്പാക്കാനുമാണിത്.
കോവിഡ് ചികിത്സിക്കുന്നതിനുള്ള ചെലവുകൾ, ക്വാറൻറീൻ ചെലവുകൾ, അടിയന്തര വൈദ്യസഹായം എന്നിവ ഇൻഷുറൻസ് കവറേജിലുൾപ്പെടുമെന്നും സൗദി സെൻട്രൽ ബാങ്കും ആരോഗ്യ ഇൻഷുറൻസ് കൗൺസിലും പറഞ്ഞു.
ക്വാറൻറീൻ ലംഘിച്ച 76 പേർ ദമ്മാമിൽ പിടിയിൽ
ദമ്മാം: കോവിഡ് ബാധിച്ചതിനെ തുടർന്നുള്ള നിർബന്ധിത ക്വാറൻറീൻ ലംഘിച്ച 76 പേർ കിഴക്കൻ പ്രവിശ്യയിൽ പിടിയിൽ. ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ഇവർ കസ്റ്റഡിയിലായത്. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന പരിശോധന തുടരുകയാണ്. ക്വാറൻറീൻ വ്യവസ്ഥ ലംഘിച്ച്, പുറത്തിറങ്ങി സമ്പർക്കത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന് കിഴക്കൻ പ്രവിശ്യ സുരക്ഷ വിഭാഗം വക്താവ് മുഹമ്മദ് അൽദുറൈഹിം അഭിപ്രായപ്പെട്ടു.
നിയമലംഘനത്തിെൻറ സ്വഭാവമനുസരിച്ച് 2,00,000 റിയാൽ പിഴയും രണ്ടു വർഷം വരെ തടവും ശിക്ഷ ചുമത്തുന്ന വകുപ്പുകളാണ് നിലവിലുള്ളത്. നിയമലംഘനം തുടർന്നാൽ ശിക്ഷ ഇരട്ടിയാവുകയും ചെയ്യും. തവക്കൽനാ ആപ്പിലെ അതത് സമയങ്ങളിലെ സ്റ്റാറ്റസും പരിശോധന സമയങ്ങളിൽ വിലയിരുത്തും. പിടിയിലായവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.