റിയാദ്: അതിവേഗം വളരുന്ന സൗദിയുടെ ടൂറിസം മേഖലയെ സുസ്ഥിര മേഖലയാക്കി മാറ്റാൻ പ്രതിജ്ഞാബദ്ധമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ്. ‘ന്യായമായ ലോകവും സുസ്ഥിരമായ ഗ്രഹവും നിർമിക്കുക’ എന്ന ശീർഷകത്തിൽ ബ്രസീലിലെ ബെലേം നഗരത്തിൽ നടന്ന ജി20 രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. ലോക ജനതകൾ തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു യഥാർഥ ശക്തിയാകാനും സൗദി അറേബ്യ ശ്രമിക്കുകയാണ്.
ഗ്രൂപ്പ് 20ലെ അംഗ രാജ്യങ്ങളുമായി ഇടപഴകാനും ടൂറിസം കണക്ടിവിറ്റി വർധിപ്പിക്കാനും സുസ്ഥിരതയെ ടൂറിസം ബിസിനസിന്റെ പ്രധാന കേന്ദ്രമാക്കാനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത മന്ത്രി ചൂണ്ടിക്കാട്ടി. 2020ൽ ഗ്രൂപ്പിന്റെ അധ്യക്ഷ ചുമതലയുണ്ടായിരിക്കുമ്പോൾ ജി20യുടെ അജണ്ടയിൽ ടൂറിസം മന്ത്രിമാരുടെ യോഗം ഉൾപ്പെടുത്തിയത് മന്ത്രി അനുസ്മരിച്ചു. ടൂറിസം കണക്ടിവിറ്റി വർധിപ്പിക്കുന്നതിലെ ഞങ്ങളുടെ നേട്ടങ്ങൾ സാമ്പത്തിക ലക്ഷ്യങ്ങൾക്കപ്പുറമാണെന്ന് മന്ത്രി പറഞ്ഞു.
ലോകമെമ്പാടുമുള്ള ആളുകൾക്ക് രാജ്യത്തിന്റെ പുരാതനവും സമ്പന്നവുമായ സംസ്കാരം പര്യവേക്ഷണം ചെയ്യുന്നതിനുള്ള വാതിലുകൾ തുറക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. ഇത് നമ്മുടെ ആളുകളെ മറ്റ് രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും അത്ഭുതങ്ങളെക്കുറിച്ച് പഠിക്കാൻ അവസരമൊരുക്കുകയാണ് ചെയ്യുന്നത്.
ബെലെമിലെ ഈ ഉന്നതതല യോഗം ജി20 രാജ്യങ്ങൾക്കൊപ്പം മറ്റ് രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും 32 പ്രതിനിധികളെ കൂടി ഒരുമിച്ചു കൊണ്ടുവന്നിരിക്കുകയാണ്. ജി20 ടൂറിസം വർക്കിങ് ഗ്രൂപ്പിന്റെ റിപ്പോർട്ടിൽ അന്തിമ മിനുക്കുപണികൾ നടത്താനാണ് ഈ യോഗത്തിലൂടെ മന്ത്രിമാർ ലക്ഷ്യമിടുന്നത്. ആഗോള ടൂറിസത്തിന്റെ വളർച്ച ഫലപ്രദവും സുസ്ഥിരവും സന്തുലിതവുമായ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതിന് അംഗരാജ്യങ്ങൾ സ്വീകരിച്ച നടപടികളെ ഇത് അഭിസംബോധന ചെയ്യുന്നുവെന്നും സൗദി മന്ത്രി പറഞ്ഞു.
യോഗത്തിന്റെ ഭാഗമായി ബ്രസീൽ, ഇറ്റലി, ഇന്ത്യ, സ്പെയിൻ, ജപ്പാൻ എന്നിവിടങ്ങളിലെ മന്ത്രിമാരുമായും നേതൃനിരയിലുള്ളവരുമായും ടൂറിസം മന്ത്രി കൂടിക്കാഴ്ച നടത്തി. യു.എൻ ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ സുറാബ് പൊളോലികാഷ്വിലി, വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ പ്രസിഡന്റും സി.ഇ.ഒയുമായ ജൂലിയ സിംപ്സൺ എന്നിവർ കൂടിക്കാഴ്ച നടത്തിയവരിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.