ദമ്മാം : മഞ്ഞുപെയ്യുന്ന സന്ധ്യയിൽ മഴച്ചാർത്തിന്റെ ഈണവും സൗന്ദര്യവും ആവാഹിച്ച ‘റെയ്നി നൈറ്റ്’ മലയാളി പ്രവാസികൾക്ക് എന്നും ഓർത്തുവെക്കാൻ പോന്ന മികച്ച സംഗീതസന്ധ്യയായി മാറി. മഴയുടെ പശ്ചാത്തലത്തിൽ പാട്ടാസ്വാദനം’ എന്ന തീമിൽ ഗൾഫ് മാധ്യമം ‘റെയ്നി നൈറ്റ്’ സംഗീതനിശ അക്ഷരാർഥത്തിൽ മലയാളികളുടെ പ്രവാസോത്സവമാ വുകയായിരുന്നു.
കിഴക്കൻ പ്രവിശ്യയിൽ ആദ്യമായി ഗൾഫ് മാധ്യമം ഒരുക്കിയ മെഗാ ഇവന്റ് കാണാനും ആസ്വദിക്കാനും വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമുതൽ തന്നെ പ്രേക്ഷകർ എത്തിത്തുടങ്ങിയിരുന്നു. ഏഴുമണിയോടെ ഖോബാർ സിഗ്നേച്ചർ ഹോട്ടലിന്റെ ഭാഗമായ അൽ യാസ്മിൻ ഓഡിറ്റോറിയം മുക്കാലും നിറഞ്ഞു കഴിഞ്ഞിരുന്നു. പുറത്തു അപ്പോഴും പ്രേക്ഷകർ ഉള്ളിൽ കയറാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
വാഹനങ്ങൾ പാർക്ക് ചെയ്യിക്കാനും ആസ്വാദകരെ ഉള്ളിലേക്കെത്തിക്കാനും സുസജ്ജമായ സന്നദ്ധപ്രവർത്തകരായിരുന്നു പരിപാടി അച്ചടക്കത്തോടെ നടത്തുന്നതിൽ നിർണായക പങ്കുവഹിച്ചത്.
ഏറ്റവും മുന്നിലെ വരിയിൽ മാധ്യമം മാനേജ്മെന്റും പ്രധാന സ്പോൺസർമാരും ഇരുന്നു. തൊട്ടു പിറകിലായി റെഡ് കാർപെറ്റ് പ്ലാറ്റിനം ഗോൾഡ് സിൽവർ ടിക്കറ്റ് നേടിയ ആസ്വാദകർ ഇരുന്നു. കുടുംബമായും ബാച്ചിലറായും കടുത്ത തണുപ്പിനെ അവഗണിച്ച് പരിപാടിയിൽ പങ്കുചേരാൻ ആയിരത്തിലേറെ പേർ എത്തിയിരുന്നു.
കൃത്യം ഏഴരക്ക് തന്നെ പരിപാടി സൗദി ഇന്ത്യൻ ദേശീയഗാനത്തോടെ ആരംഭിച്ചു. അവതരണ രംഗത്ത് പ്രവാസികളുടെ സ്വന്തം മിഥുൻ രമേശ് വേദിയിൽ എത്തിയതോടെ കാത്തിരുന്ന പ്രേക്ഷകർ ഹർഷാരവം മുഴക്കി.
ഔപചാരിക ഒരു ഉദ്ഘാടന ചടങ്ങിന് ശേഷം സ്റ്റീഫൻ ദേവസിയുടെ മ്യൂസിക്കൽ ഫ്യൂഷനോടെ ഗാനസന്ധ്യക്ക് തുടക്കമായി. മികച്ച സംഘാടനവും ശബ്ദവും വെളിച്ചവും ഇഴപിരിഞ്ഞ വേദിയും ആസ്വാദകരുടെ ഉള്ളം നിറച്ച റെയ്നി നൈറ്റ് സംഘടിപ്പിച്ച ഗൾഫ് മാധ്യമത്തിന് നന്ദിപറഞ്ഞാണ് പ്രേക്ഷകർ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.