ദമ്മാം ഇന്ത്യൻ സ്കൂൾ മലയാളി രക്ഷാകർതൃ സമിതി പിളർന്നു; വിമതവിഭാഗത്തിനും ഭാരവാഹികൾ

ദമ്മാം: ഇന്‍റനാഷനൽ ഇന്ത്യൻ സ്കൂൾ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ‘ഡിസ്പാക്’ പിളർന്നു. കഴിഞ്ഞ ദിവസം ജനറൽ ബോഡിയോഗത്തിലാണ് ഒരുവിഭാഗം ഇറങ്ങിപ്പോയി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. 10 വർഷത്തിലധികമായി ദമ്മാമിൽ പ്രവർത്തിക്കുന്ന മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയാണ് ‘ദമ്മാം ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂൾ പേരന്‍റ്സ് അസോസിയേഷൻ കേരള’ (ഡിസ്പാക്).

സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ ഇടപെടലുകൾ ആവശ്യമായ സാഹചര്യത്തിലാണ് ദൗർഭാഗ്യകരമായ പിളർപ്പ്.

ദമ്മാമിലെ മലയാളി സമൂഹത്തിനിടയിൽ ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എഴായിരത്തിലധികം മലയാളി കുട്ടികൾ പഠിക്കുന്ന ദമ്മാം സ്കൂളിന്‍റെ പേരിലുള്ള മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയിൽ കേവലം അയിരത്തിനടുത്ത് രക്ഷിതാക്കൾ മാത്രമാണ് അംഗങ്ങളായിട്ടുള്ളത്. കൃത്യമായ നിയമാവലിയോ മറ്റ് നിബന്ധനകളോ ഇല്ലാത്ത ഇതിൽ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെ രക്ഷിതാവായിരിക്കുക എന്നത് മാത്രമാണ് അംഗമാകുന്നതിനുള്ള മാനദണ്ഡം.

വളരെക്കുറച്ച് രക്ഷിതാക്കൾ മാത്രമാണ് പലപ്പോഴും പരിപാടികളിൽ സജീവമായി സഹകരിക്കാറുള്ളത്. കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത ജനറൽ ബോഡിയിൽ 60ഓളം ആളുകളാണ് പങ്കെടുത്തത്. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് സ്കൂൾ മുൻ ഭരണസമിതി ചെയർമാൻ സുനിൽ മുഹമ്മദിനെ വരണാധികാരിയായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അവിടെയെത്തിയവരിൽ അധികവും വാട്സ്ആപ് ഗ്രൂപ്പിൽ അംഗമല്ല എന്ന വാദം ചിലർ ഉയർത്തുകയായിരുന്നു. ഇവർ രക്ഷിതാക്കളാണോ എന്ന് സ്ഥിരീകരിക്കാനുള്ള സമയമില്ല എന്നതാണ് ഇതിന് കാരണമായി ഔദ്യോഗിക വിഭാഗം വിശദീകരിക്കുന്നത്. ഭാരവാഹി തെരഞ്ഞെടുപ്പിൽ ഇവർക്ക് വോട്ട് ചെയ്യാനാവില്ല എന്ന് വരണാധികാരി അറിയിച്ചതോടെ ഒരു വിഭാഗം ഇറങ്ങിപ്പോവുകയും സമാന്തര യോഗം ചേർന്ന് പുതിയ രക്ഷാകർതൃസമിതിക്ക് രൂപം കൊടുക്കുകയുമായിരുന്നു.

അതേസമയം ഏറ്റവും ദൗർഭാഗ്യകരമായ സംഭവമാണിതെന്ന് മുൻ പ്രസിഡൻറ് ഷഫീഖ് ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു. ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്താണ് ഒരു വിഭാഗം മുൻകൂട്ടിയുള്ള അജണ്ടകൾക്കനുസരിച്ച് പിളർപ്പുണ്ടാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. ജനറൽ ബോഡിയുടെ എല്ലാ നിയമങ്ങളും പാലിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയാണ് ചെയ്തതെന്ന് വരണാധികാരി സുനിൽ മുഹമ്മദ് പറഞ്ഞു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളായ മുജീബ് കളത്തില്‍ (പ്രസി.), നജീബ് അരഞ്ഞിക്കല്‍ (ജന. സെക്ര.), ഷിയാസ് കണിയാപുരം (ട്രഷ.) എന്നിവരുടെ നേതൃത്വത്തിൽ ഡിസ്പാക് സജീവമായി മുന്നോട്ട് പോകമെന്നും അവർ അറിയിച്ചു. അതേസമയം ചില കോട്ടുധാരികളടെ അഭിനയം കണ്ടുമടുക്കുകയും സ്കൂൾ വിഷയത്തിൽ കൂടുതൽ സജീവമായ ഇടപെടലുകൾ ആവശ്യമാണെന്ന് തോന്നിയത് കൊണ്ടുമാണ് പുതിയ കമ്മിറ്റി രൂപവത്കരിച്ചതെന്ന് ഭാരവാഹികളായ നജീം ബഷീർ, താജു അയ്യാരിൽ, ആസിഫ് താനൂർ എന്നിവർ പറഞ്ഞു.

കഴിഞ്ഞ കാലങ്ങളിൽ സ്കൂൾ വിഷയത്തിൽ ഗൗരവമായ ഒരുതരത്തിലുള്ള ഇപെടലുകളും നടത്താൻ അവർക്ക് കഴിഞ്ഞില്ലെന്നും വിമതവിഭാഗം ആരോപിച്ചു. മാത്രമല്ല കേവലം 700 പേരുള്ള വാട്സ്ആപ് ഗ്രൂപ്പിൽ പകുതിയിലധികവും നിലവിൽ സംഘടനയിൽ തുടരുന്നതിൽ അയോഗ്യരാണന്നും അവർ പറഞ്ഞു. ഏതായാലും സ്കൂളിൽ പുതിയ ഭരണസമിതി രൂപവത്കരിക്കുന്ന നടപടിക്രമങ്ങൾ നടക്കുന്ന സമയത്തുണ്ടായ പിളർപ്പ് പൊതുസമൂഹത്തിൽ അസ്വസ്ഥത പടർത്തിയിട്ടുണ്ട്.

Tags:    
News Summary - Dammam Indian School Malayali Parent Committee split

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.