യാംബു: ജൂലൈ 18ന് യാംബുവിൽ മരിച്ച സാമൂഹിക പ്രവർത്തകൻ കണ്ണൂർ തോട്ടട സ്വദേശി ദീപ്തിയിൽ കെ.ടി. ദിൽജിത്തിെൻറ (48) മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള വഴി തെളിഞ്ഞു. ജിദ്ദയിൽ നിന്നുള്ള ഖത്തർ എയർലൈൻസ് വിമാനത്തിൽ മൃതദേഹം തിങ്കളാഴ്ച പുലർച്ചെ രണ്ടിന് കൊച്ചിയിൽ എത്തിക്കും. അവിടെനിന്ന് റോഡു മാർഗം മൃതദേഹം കണ്ണൂരിലെ തോട്ടടയിലെ വസതിയിലെത്തിക്കും. ശേഷം രാവിലെ 11 ഒാടെ പയ്യാമ്പലത്തെ പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് ദിൽജിത്തിെൻറ ബന്ധുക്കൾ പറഞ്ഞു.
ഒരു മാസം യാംബു റോയൽ കമീഷനിലെ മെഡിക്കൽ സെൻററിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ദിൽജിത്ത് മരിച്ചത്. രണ്ടുപതിറ്റാണ്ടായി സൗദിയിൽ പ്രവാസിയായിരുന്നു. സൗദി ബിൻലാദിൻ കമ്പനിയിലും നീണ്ടകാലം ജോലി ചെയ്തിരുന്നു. ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി ട്രഷറർ ആയിരുന്ന ദിൽജിത്ത് സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. യാംബുവിൽ ഉണ്ടായിരുന്ന അദ്ദേഹത്തിെൻറ ഭാര്യ ദിവ്യ ദിൽജിത്തും മക്കളായ ഋതിക ദിൽജിത്ത്, ധ്രുവ് ദിൽജിത്ത് എന്നിവർ കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്.
കൊട്ടായാംകണ്ടി പവിത്രൻ ആണ് ദിൽജിത്തിെൻറ പിതാവ്. മാതാവ്: വസുധ. സഹോദരങ്ങൾ: ദീപ്തി ലജിത്ത് (മംഗളൂരു), കിരൺജിത്ത് എന്ന ഉണ്ണി. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകാൻ ദിൽജിത്ത് ജോലിചെയ്തിരുന്ന പി.സി.എം കമ്പനി അധികൃതരും ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ശങ്കർ എളങ്കൂർ, ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഷ്കർ വണ്ടൂർ തുടങ്ങിയവരും രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.