അൽ ഖോബാർ: കാർഷിക വളത്തിന്റെ മറവിൽ സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു. ജിദ്ദ തുറമുഖം വഴി 25 ലക്ഷത്തോളം ആംഫെറ്റാമൈൻ ലഹരി ഗുളികകൾ കടത്താനുള്ള ശ്രമമാണ് പരാജയപ്പെടുത്തിയതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറിയിച്ചു. ഇറക്കുമതി ചെയ്ത കാർഷിക വളങ്ങളുടെ ബാഗുകളിൽ ഒളിപ്പിച്ച നിലയിലാണ് 24,65,000 ഗുളികകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതെന്ന് വക്താവ് മേജർ മർവാൻ അൽ ഹസ്മി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽനിന്ന് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്. പ്രതികളിലൊരാൾ സിറിയൻ പൗരനാണ്. രണ്ടുപേർ സൗദി പൗരന്മാരാണ്. മറ്റ് രണ്ടുപേർ അനധികൃത കുടിയേറ്റക്കാരാണ്. സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥരുമായി ഏകോപിച്ചാണ് നാർക്കോട്ടിക് കൺട്രോൾ ഡയറക്ടറേറ്റ് ഓപറേഷൻ നടത്തിയത്. മയക്കുമരുന്ന് കള്ളക്കടത്തിനെക്കുറിച്ചോ വിതരണത്തെക്കുറിച്ചോ എന്തെങ്കിലും വിവരം കണ്ടെത്തുന്നവർ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.