റിയാദ്: തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പബാധിതരെ സഹായിക്കുന്നതിനുള്ള ജനകീയ കാമ്പയിൻ വഴി ലഭിച്ച സംഭാവന 38 കോടി റിയാൽ കവിഞ്ഞതായി കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ് റിലീഫ്) അറിയിച്ചു. ‘സാഹിം’ പ്ലാറ്റ്ഫോമിലൂടെ സംഭാവനകൾ നൽകിയവരുടെ എണ്ണം 16 ലക്ഷം കവിഞ്ഞു. ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശാനുസരണം രാജകൊട്ടാര ഉപദേശകനും കെ.എസ് റിലീഫിന്റെ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽ റബീഅയാണ് ഭൂകമ്പ ദുരിതബാധിതരെ സഹായിക്കാൻ ആരംഭിച്ച സാഹിം ഇലക്ട്രോണിക് പ്ലാറ്റ്ഫോമിന്റെ മേൽനോട്ടം വഹിക്കുന്നത്.
ഭൂകമ്പം ബാധിച്ച മൂന്നു തുർക്കിയ നഗരങ്ങളിലെ 46 സ്ഥലങ്ങളിൽ സൗദി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള സെർച് ആൻഡ് റെസ്ക്യൂ സംഘം തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. ദുരന്തനിവാരണത്തിലും അപകടങ്ങൾ നേരിടുന്നതിലും വിദഗ്ധ പരിശീലനം നേടിയ സംഘത്തിൽ രക്ഷാപ്രവർത്തകർ, ഡോക്ടർമാർ, എൻജിനീയർമാർ എന്നിവരുണ്ട്. രക്ഷാപ്രവർത്തനം, നവീകരണം, ടെലികമ്യൂണിക്കേഷൻ എന്നിവയിലെ വിദഗ്ധർ, കാര്യനിർവഹണം, ചരക്കുനീക്കം, ആരോഗ്യം എന്നീ രംഗങ്ങളിൽ പരിശീലനം സിദ്ധിച്ച വിഭാഗങ്ങൾ എന്നിവരെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പബാധിത പ്രദേശങ്ങളിൽ നടക്കുന്നത്. ഇതിനിടെ ഭക്ഷണപ്പൊതികളും മരുന്നുകളും മെഡിക്കൽ സാമഗ്രികളുമടക്കം 75 ടൺ സാധനങ്ങളുമായി റിയാദിൽനിന്ന് പുറപ്പെട്ട 12ാമത്തെ കാർഗോ റിലീഫ് വിമാനം ശനിയാഴ്ച തുർക്കിയയിലെ ഗാസിയാൻടെപ് വിമാനത്താവളത്തിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.