യാംബു: സൗദി അറേബ്യയിൽനിന്നും പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയക്കൽ ഗണ്യമായി കുറഞ്ഞതായി കണക്കുകൾ. നാട്ടിലേക്കയക്കുന്ന പണത്തിൽ അഞ്ചു വർഷത്തിനിടെ ഏറ്റവും കുറവാണ് ഈ വർഷം ഫെബ്രുവരിയിൽ രേഖപ്പെടുത്തിയതെന്ന് സൗദി സെൻട്രൽ ബാങ്ക് (സാമ) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. സൗദിയിലെ പ്രവാസികളുടെ പണമയക്കൽ ഫെബ്രുവരി അവസാനത്തിൽ 10.41 ശതമാനം ഇടിഞ്ഞ് 9.33 ശതകോടി റിയാലായി.
വിദേശ പണമയക്കൽ പ്രതിമാസം 1.08 ശതകോടി മാസാടിസ്ഥാനത്തിൽ കുറഞ്ഞതായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ഇത് അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ശരാശരി പ്രതിമാസ നിലയെ അടയാളപ്പെടുത്തുന്നു. ശരാശരി പ്രതിമാസ പണമയക്കൽ നില ജനുവരിയിലും ഫെബ്രുവരിയിലും കുറഞ്ഞത് അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. രണ്ട് മാസത്തെ ശരാശരി പണമയക്കൽ ഏകദേശം 9.87 ശതകോടി റിയാലിലെത്തി. 2019 ൽ പ്രവാസികളുടെ പ്രതിമാസ പണമയക്കലിന്റെ ശരാശരി മൂല്യം ഏകദേശം 10.46 ശതകോടി റിയാലായിരുന്നു. തുടർന്ന് തുടർച്ചയായ രണ്ട് വർഷങ്ങളിലും ഇത് സ്ഥിരമായ വർധന നിലനിർത്തിയിരുന്നു.
2020 വർഷത്തിൽ വിദേശ പണമയക്കലിന്റെ പ്രതിമാസ ശരാശരി 12.47 ശതകോടി റിയാലായി ഉയർന്നിരുന്നു. 2021ൽ അത് 12.82 ശതകോടി റിയാലായി ഉയർന്നു. എന്നാൽ 2022ൽ അത് കുറയാൻ തുടങ്ങി. ശരാശരി പ്രതിമാസ പണമയക്കൽ മൂല്യം 11.94 ശതകോടിയായി. 2023 ൽ വിദേശ പണമയക്കലിെൻറ ശരാശരി മൂല്യം 10.41 ശതകോടി റിയാലായി വീണ്ടും കുറഞ്ഞു. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിന്റെ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രവാസികളുടെ മൊത്തം പണമയക്കലിൽ ഇടിവ് ഉണ്ടായി കൊണ്ടിരിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.